ന്യൂഡൽഹി: ഛത്തീസ്ഗഡിലെ റായ്ഗഡ് ജില്ലയിൽ ഇന്നലെ വ്യത്യസ്ത സംഭവങ്ങളിൽ രണ്ടുപേർ കാട്ടാന ആക്രമണങ്ങളിൽ കൊല്ലപ്പെട്ടു. ഇതോടെ സംസ്ഥാനത്ത് ഈയാഴ്ച സംസ്ഥാനത്ത് കാട്ടാന ആക്രമണങ്ങളിൽ കൊല്ലപ്പെട്ടവരുടെ എണ്ണം മൂന്നായി.
ഇന്നലെ കൊല്ലപ്പെട്ട രണ്ടുപേരും അതിരാവിലെയുണ്ടായ ആക്രമണങ്ങളിലാണു കൊല്ലപ്പെട്ടതെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു.
വനംവകുപ്പിന്റെ കണക്കനുസരിച്ച് കഴിഞ്ഞ അഞ്ചു വർഷത്തിനിടെ സംസ്ഥാനത്ത് 330ലധികം ആളുകളാണ് ആന ആക്രമണങ്ങളിൽ കൊല്ലപ്പെട്ടത്. ഛത്തീസ്ഗഡിന്റെ അയൽസംസ്ഥാനമായ ജാർഖണ്ഡിൽ ഒറ്റക്കൊമ്പുള്ള ഒരു കാട്ടാന ഈ വർഷം ജനുവരിയിൽ ഒന്‍പത് ദിവസത്തിനിടെ വിവിധ ഗ്രാമങ്ങളിലുള്ള 20 പേരെ കൊലപ്പെടുത്തിയിട്ടുണ്ട്.
സംസ്ഥാനത്തെ വെസ്റ്റ് സിംഗ്ഫും ജില്ലയിലെ ഗ്രാമവാസികളെയാണ് ജനുവരി ഒന്നിനും ഒന്‍പതിനുമിടയിൽ ഈ കാട്ടാന കൊലപ്പെടുത്തിയത്.