ഉത്തർപ്രദേശിലെ കൗശാംബിയിൽ ഇരുന്നൂറിലധികം ആടുകളുമായി പോയ ചരക്കുലോറി ദേശീയപാതയിൽ മറിഞ്ഞുണ്ടായ അപകടം കടുത്ത മനുഷ്യത്വമില്ലായ്മയുടെ നേർക്കാഴ്ചയായി മാറുന്നു.
ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെ കോഖ്രാജ് പോലീസ് സ്റ്റേഷൻ പരിധിയിലെ അൻഡാവ തേഡി വളവിന് സമീപമായിരുന്നു ദരുണമായ ഈ സംഭവം.
കാൺപൂരിൽ നിന്നും പ്രയാഗ്രാജിലേക്ക് അമിത ഭാരവുമായി പോവുകയായിരുന്ന ട്രക്ക് നിയന്ത്രണം വിട്ട് റോഡരികിലേക്ക് മറിയുകയായിരുന്നു. അപകടത്തിന്റെ ആഘാതത്തിൽ ട്രക്കിലുണ്ടായിരുന്ന നാല് യാത്രക്കാർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ഇരുപതിലധികം ആടുകൾ സംഭവസ്ഥലത്തുതന്നെ ചാവുകയും ചെയ്തു.
വാഹനത്തിലുണ്ടായിരുന്ന മറ്റ് ആടുകൾ ദേശീയപാതയിലുടനീളം ചിതറിയോടിയതോടെ പ്രദേശത്ത് വലിയ രീതിയിൽ ഗതാഗതം തടസപ്പെട്ടു. എന്നാൽ ഈ ദുരന്തത്തിനിടയിൽ പ്രദേശത്തുണ്ടായ ചില നാടകീയ രംഗങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വലിയ രീതിയിലുള്ള ജനരോഷത്തിന് കാരണമായിരിക്കുന്നത്.
അപകടത്തിൽപ്പെട്ട് ചോരയൊലിപ്പിച്ചു കിടന്ന യാത്രക്കാരെ രക്ഷിക്കാനോ അധികൃതരെ വിവരമറിയിക്കാനോ മുതിരാതെ, റോഡിൽ ചിതറിയോടിയ ആടുകളെ നാട്ടുകാരിൽ ചിലർ മോഷ്ടിച്ചുകൊണ്ട് കടന്നുകളയുകയായിരുന്നു.
പരിക്കേറ്റവർ സഹായത്തിനായി നിലവിളിക്കുമ്പോഴും യാതൊരു ദാക്ഷിണന്യവുമില്ലാതെ ആളുകൾ ആടുകളെയും തൂക്കിപ്പിടിച്ച് ഓടുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
വിപരീത സാഹചര്യങ്ങളിൽ പൊതുസമൂഹം പുലർത്തുന്ന ഇത്തരം ക്രൂരമായ സമീപനങ്ങൾക്കെതിരെ കടുത്ത വിമർശനമാണ് ഡിജിറ്റൽ ഇടങ്ങളിൽ ഉയരുന്നത്.
വിവരമറിഞ്ഞ് സ്ഥലത്തെത്തിയ കോഖ്രാജ് പോലീസും ഷഹ്സാദ്പൂർ ഔട്ട്പോസ്റ്റിലെ ഉദ്യോഗസ്ഥരും ചേർന്നാണ് പിന്നീട് രക്ഷാപ്രവർത്തനം നടത്തിയത്. വണ്ടിക്കുള്ളിൽ കുടുങ്ങിക്കിടന്ന പരിക്കേറ്റ യാത്രക്കാരെ ഉടൻ തന്നെ ആംബുലൻസ് മാർഗം സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി.
തുടർന്ന് ക്രെയിൻ ഉപയോഗിച്ച് തകർന്ന ലോറി റോഡിൽ നിന്നും മാറ്റി ഗതാഗതം പുനഃസ്ഥാപിക്കുകയും വാഹനത്തിൽ അവശേഷിച്ച മറ്റ് മൃഗങ്ങളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റുകയും ചെയ്തു. അപകടത്തിൽ നാല് പേരുടെ പരിക്ക് ഗുരുതരമാണെന്ന് സ്റ്റേഷൻ ഹൗസ് ഓഫീസർ ചന്ദ്രഭൂഷൺ മൗര്യ സ്ഥിരീകരിച്ചു.
ദുരന്തമുഖത്ത് അരാജകത്വം സൃഷ്ടിക്കുകയും പരിക്കേറ്റവരെ സഹായിക്കുന്നതിന് പകരം ആടുകളെ കവർന്നു കൊണ്ടുപോവുകയും ചെയ്തവരെ വെറുതെ വിടില്ലെന്ന് പോലീസ് വ്യക്തമാക്കി.
നിലവിൽ പ്രചരിക്കുന്ന ദൃശ്യങ്ങൾ പരിശോധിച്ച് കുറ്റക്കാരെ തിരിച്ചറിയാനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ടെന്നും കവർച്ചയിൽ പങ്കാളികളായവർക്കെതിരെ കർശനമായ നിയമനടപടികൾ സ്വീകരിക്കുമെന്നും അധികൃതർ അറിയിച്ചു.