ന്യൂഡൽഹി: ഭക്ഷ്യസുരക്ഷ-ഗുണനിലവാര മാനദണ്ഡങ്ങൾ ലംഘിച്ചതിനെത്തുടർന്ന് പ്രമുഖ ഭക്ഷ്യോത്പന്ന നിർമാതാക്കളായ എവറസ്റ്റ് ഫുഡ് പ്രൊഡക്ട്സ്, ലാൽജി ഗോധു ആൻഡ് കമ്പനി എന്നിവയുടെ കായം ഉത്പന്നങ്ങളുടെ വിൽപന ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്സ് അഥോറിറ്റി ഓഫ് ഇന്ത്യ (എഫ്എസ്എസ്എഐ) നിരോധിച്ചു.
എവറസ്റ്റ് കമ്പനിയുടെ കായം പൊടിയുടെയും അതിന്റെ വിവിധ വേരിയന്റുകളുടെയും സാമ്പിളുകളിൽ ആൽക്കഹോൾ സോള്യൂബിൾ എക്സ്ട്രാക്ടിന്റെ അളവ് കുറഞ്ഞ പരിധിയായ അഞ്ചു ശതമാനത്തിനു പകരം 0.00 ശതമാനം മാത്രമാണെന്ന് പരിശോധനയിൽ തെളിഞ്ഞു.
കമ്പനിയുടെ മഞ്ഞ കായം, കറുത്ത കായം എന്നിവയും ഗുണനിലവാര പരിശോധനയിൽ പരാജയപ്പെട്ടു. മുന്പ് എവറസ്റ്റിന്റെ ചിക്കൻ മസാല, ഗരം മസാല, എഗ്ഗ് കറി പൗഡർ എന്നിവയിൽ ഉപ്പിന്റെയും മസാലകളുടെയും അളവ് ലേബലിൽ കൃത്യമായി രേഖപ്പെടുത്താത്ത പ്രശ്നങ്ങളും അധികൃതർ ചൂണ്ടിക്കാണിച്ചിരുന്നു.
തുടർച്ചയായ മാനദണ്ഡലംഘനങ്ങൾ കണ്ടെത്തിയ സാഹചര്യത്തിൽ എവറസ്റ്റിന്റെ കായം ഉത്പന്നങ്ങളുടെ വിൽപന ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെയാണ് എഫ്എസ്എസ്എഐ തടഞ്ഞിരിക്കുന്നത്.