കായംകുളം: 14ന് കായംകുളം കായലിൽ നടക്കുന്ന ചാമ്പ്യൻസ് ബോട്ട് ലീഗ് ജവഹർ വള്ളംകളിയുടെ ഉദ്ഘാടന പോസ്റ്ററിൽനിന്ന് കായംകുളം നഗരസഭാ ചെയർമാൻ ശരത് ലാൽ ബെല്ലാരിയെ ഒഴിവാക്കിയതിനെച്ചൊല്ലിയുള്ള വിവാദം ഒഴിവാക്കാൻ സംഘാടകർ പുതിയ പോസ്റ്റർ പുറത്തിറക്കി. എന്നാൽ മുമ്പ് സ്ഥാപിച്ച പോസ്റ്ററോ ബോർഡുകളോ നീക്കം ചെയ്തിട്ടില്ല. നഗരത്തിൽ സ്ഥാപിച്ചിരുന്ന ഭൂരിഭാഗം ഫ്ലെക്സ് ബോർഡുകളിലും ചെയർമാന്റെ ചിത്രമോ പേരോ ഉൾപ്പെടുത്തിയിട്ടില്ല. പ്രോട്ടോക്കോൾ പാലിക്കുന്നതിൽ സംഘാടകർക്ക് ഗുരുതര വീഴ്ച സംഭവിച്ചതായിട്ടാണ് വിമർശനം.
കായംകുളം ജലോത്സവവുമായി ബന്ധപ്പെട്ട പരിപാടികളിൽ ഔദ്യോഗിക പ്രോട്ടോക്കോൾ പൂർണമായും ലംഘിച്ചു കൊണ്ടുള്ള പ്രവർത്തനങ്ങൾ നടക്കുന്നു എന്ന് ബോധ്യപ്പെട്ടതിനാൽ ശക്തമായി പ്രതിഷേധിച്ചുകൊണ്ട് തുടർന്നുള്ള ചടങ്ങുകളിൽനിന്നു കായംകുളം മുനിസിപ്പൽ ചെയർമാൻ എന്ന നിലയിൽ പൂർണമായി വിട്ടുനിൽക്കാൻ തീരുമാനിച്ചതായി കഴിഞ്ഞ ദിവസം നഗരസഭാ ചെയർമാൻ ശരത് ലാൽ ബെല്ലാരി സമൂഹ മാധ്യമങ്ങളിലൂടെ പ്രതികരിച്ചിരുന്നു.
ഇന്നലെ കായംകുളം മണ്ഡലത്തിലെ കുട്ടികൾക്കായി സംഘടിപ്പിച്ച ചിത്രരചന, കാർട്ടൂൺ മത്സരങ്ങളുടെ ഉദ്ഘാടകനായി നിശ്ചയിച്ചിരുന്നത് നഗരസഭാ ചെയർമാനെയായിരുന്നു. എന്നാൽ അദ്ദേഹം പങ്കെടുത്തില്ല. പകരം വൈസ് ചെയർപേഴ്സൺ അംബികയാണ് ഉദ്ഘാടനം നിർവഹിച്ചത്.