കേച്ചേരി: അക്കിക്കാവ് റോഡിൽ കൂമ്പുഴ പാലത്തിനുസമീപം ബൊലേറോ ജീപ്പും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു.
കുറ്റിപ്പുറം അമ്പാല വീട്ടിൽ മുഹൈമിൻ (24) ആണ് മരിച്ചത്. ഇന്നലെ പുലർച്ചെ ഒന്നേകാലോടെയാണ് അപകടം. കാലടി പ്രേഷിതാരാം കോൺവന്റിലെ സിസ്റ്റർമാരും ഡ്രൈവറും ഉൾപ്പെടെ അഞ്ചുപേർക്കും, കാറിലുണ്ടായിരുന്ന മൂന്നു പേർക്കും പരിക്കേറ്റിട്ടുണ്ട്.
കാലടി സ്വദേശി തിരുതനത്തിൽ വീട്ടിൽ ജോസഫിന്റെ മകൾ സിസ്റ്റർ സാലസ് (65), ഇടുക്കി രാജകുമാരി സ്വദേശി പന്തതലയ്ക്കൽ വീട്ടിൽ ജോണിന്റെ മകൾ സിസ്റ്റർ ജെയിൻ ട്രീസ (62), എറണാകുളം കാഞ്ഞൂർ സ്വദേശി കുഴുപ്പിള്ളി വീട്ടിൽ ഔസേപ്പിന്റെ മകൾ സിസ്റ്റർ ജോസിറ്റ (66), കോഴിക്കോട് കുറ്റ്യാടി സ്വദേശി കടത്തറക്കുന്നേൽ വീട്ടിൽ ദേവസ്യയുടെ മകൾ സിസ്റ്റർ ടെസ്നി (53) എന്നിവർക്കും ഇവർ സഞ്ചരിച്ച വാഹനത്തിന്റെ ഡ്രൈവറായ കാലടി ചെങ്ങൽ സ്വദേശി അപ്പേരിയിൽ വീട്ടിൽ അബ്ദുള്ളയുടെ മകൻ സക്കീറിനും (50) പരിക്കേറ്റു. കുറ്റിപ്പുറം അമ്പാല വീട്ടിൽ മുഫള്ളിൽ, ബാസിത്ത്, മാജിദ് എന്നിവർക്കും അപകടത്തിൽ പരിക്കേറ്റിട്ടുണ്ട്.
എരുമപ്പെട്ടി പോലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു. അപകടത്തെത്തുടർന്ന് ഭാഗികമായി ഗതാഗതം തടസപ്പെട്ടു.