തിരുവല്ല: പത്തനംതിട്ട ജില്ലാ സബ് ജൂണിയർ ബാസ്കറ്റ്ബോൾ ചാമ്പ്യൻഷിപ്പിൽ പെൺകുട്ടികളുടെ വിഭാഗത്തിൽ അടൂർ കേന്ദ്രീയ വിദ്യാലയവും (ഷിഫ്റ്റ്-2), ആൺകുട്ടികളുടെ വിഭാഗത്തിൽ നിരണം സെന്റ് തോമസ് ക്ലബും ജേതാക്കളായി. തിരുവല്ല മാർത്തോമ്മാ റെസിഡൻഷൽ സ്കൂൾ മൈതാനിയിൽ പത്തനംതിട്ട ജില്ലാ ബാസ്കറ്റ്ബോൾ അസോസിയേഷനും സ്കൂൾ മാനേജ്മെന്റും സംയുക്തമായാണ് ടൂർണമെന്റ് സംഘടിപ്പിച്ചത്.
പെൺകുട്ടികളുടെ ഫൈനൽ മത്സരത്തിൽ കേന്ദ്രീയ വിദ്യാലയം ഷിഫ്റ്റ്-2, ആതിഥേയരായ മാർത്തോമ്മാ റെസിഡൻഷൽ സ്കൂളിനെ 23-17 എന്ന സ്കോറിന് പരാജയപ്പെടുത്തി. വിജയികൾക്കായി ഗിരിബാല പ്രദീപ് 10 പോയിന്റുകൾ നേടി. മാർത്തോമ്മാ സ്കൂളിനുവേണ്ടി ആഞ്ജലീന ആൻ ഏബ്രഹാം 13 പോയിന്റുകൾ നേടി മികച്ച പോരാട്ടം കാഴ്ചവച്ചു.
ആൺകുട്ടികളുടെ ഫൈനലിൽ കേന്ദ്രീയ വിദ്യാലയം അടൂർ ഷിഫ്റ്റ്-2 ടീമിനെ 34-12 എന്ന സ്കോറിന് തകർത്ത് നിരണം സെന്റ് തോമസ് ക്ലബ് കിരീടം കരസ്ഥമാക്കി. നിരണം ടീമിനു വേണ്ടി 19 പോയിന്റുകൾ നേടിയ കാർത്തിക് ജയചന്ദ്രയാണ് മത്സരത്തിൽ തിളങ്ങിയത്.
നേരത്തേ നടന്ന സെമിഫൈനലിൽ കേന്ദ്രീയ വിദ്യാലയം പെൺകുട്ടികൾ ക്രൈസ്റ്റ് സെൻട്രൽ സ്കൂളിനെയും (25-18), തിരുവല്ല മാർത്തോമ്മാ റെസിഡൻഷൽ സ്കൂൾ, തിരുവല്ല ബാസ്കറ്റ്ബോൾ കലബിനെയും (28-0) പരാജയപ്പെടുത്തിയാണ് ഫൈനലിൽ കടന്നത്. ആൺകുട്ടികളുടെ സെമിയിൽ സെന്റ് തോമസ് ക്ലബ് സോഫിയ ഇന്റർനാഷണൽ സ്കൂളിനെയും (38-9), കേന്ദ്രീയ വിദ്യാലയം ഷിഫ്റ്റ്-2 സ്വന്തം ഒന്നാം ഷിഫ്റ്റ് ടീമിനെയും (25-19) പരാജയപ്പെടുത്തി.
സമാപന സമ്മേളനത്തിൽ വർഗീസ് മാമ്മൻ എംഎൽഎ മുഖ്യാതിഥിയായിരുന്നു. ജില്ലാ ബാസ്കറ്റ്ബോൾ അസോസിയേഷൻ പ്രസിഡന്റ് ജോർജ് സഖറിയ അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ അനിത വർഗീസ് പ്രസംഗിച്ചു.