തിരുവനന്തപുരം: പിആർഡി അസിസ്റ്റന്റ് ഇൻഫോർമേഷൻ ഓഫീസർ റാങ്ക് പട്ടികയിൽ നിന്നുള്ള നിയമനം കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണൽ മരവിപ്പിച്ചു. പട്ടിക തയാറാക്കിയതിനെതിരെ ഉദ്യോഗാർഥികൾ നൽകിയ പരാതിയിലാണ് നടപടി.
റാങ്ക് ലിസ്റ്റിൽ ഇടംപിടിച്ച പ്രിസം ജീവനക്കാരുടെ പ്രവർത്തിപരിചയ സർട്ടിഫിക്കറ്റിന്റെ സാധുത ചൂണ്ടിക്കാട്ടി ഉദ്യോഗാർഥികൾ നൽകിയ ഹർജിയിലാണ് നടപടി. പ്രിസം പദ്ധതിക്കാരെ താത്കാലിക ജീവനക്കാരെന്ന പരിചയ സർട്ടിഫിക്കറ്റ് നൽകി പിആർഡി പരീക്ഷയ്ക്ക് യോഗ്യരാക്കിയെന്നാണ് ആരോപണം.
അതേസമയം റാങ്ക് ലിസ്റ്റ് സ്റ്റേ ചെയ്തത് പിൻവാതിൽ നിയമനം മൂലമാണെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ ആരോപിച്ചു. പിഎസ്സി പുറത്തിറക്കിയ ലിസ്റ്റിൽ മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉന്നതന്റെ ബന്ധവും ഡിവൈഎഫ്ഐ നേതാവിന്റെ ഭാര്യയും അടക്കം ആളുകൾ ഇടം നേടിയിട്ടുണ്ടെന്നായിരുന്നു ആരോപണം.