പാലക്കാട്: കേരള കോണ്ഗ്രസ്-ജേക്കബ് തരൂർ നിയോജകമണ്ഡലം കണ്വൻഷൻ തെന്നിലാപുരം ശ്രീനാരായണ സ്കൂളിൽ നടന്നു. സംസ്ഥാന വൈസ് ചെയർമാൻ വി.ഡി. ജോസഫ് ഉദ്ഘാടനം ചെയ്തു. കഴിഞ്ഞ ഒന്പത് വർഷമായി കേരളം ഭരിച്ച ഇടത് സർക്കാർ കേരളത്തിലെ ജനങ്ങളെ വാഗ്ദാനങ്ങൾ നൽകി പറ്റിക്കുകയായിരുന്നെന്ന് അദ്ദേഹം പറഞ്ഞു.
കേരളത്തിന്റെ ആരോഗ്യമേഖല പാടെ തകർന്നു. മന്ത്രികസേരയിൽ ഇരിക്കാൻ അർഹതയില്ലാത്ത വീണാ ജോർജ് സ്ഥിരം അഭിനയിക്കുന്നു. തൊഴിൽമേഖല കുത്തഴിഞ്ഞ പുസ്തകമായി പിഎസ് സി പിരിച്ചുവിടേണ്ട സമയം അതിക്രമിച്ചെന്നും അദ്ദേഹം പറഞ്ഞു. യോഗത്തിൽ ജില്ലാ പ്രസിഡന്റ് വി.ഡി. ഉലഹന്നാൻ അധ്യക്ഷത വഹിച്ചു. ജോയ് വൈദ്യൻ തെന്നിലാപുരം മുഖ്യപ്രഭാഷണം നടത്തി.
പാർട്ടി ജില്ലാ ജനറൽ സെക്രട്ടറി വി. അനിൽകുമാർ ആശംസകൾ അർപ്പിച്ചു. നിയോജകമണ്ഡലം ഭാരവാഹികൾ സെക്രട്ടറി സി. വർഗീസ്, വൈസ് പ്രസിഡന്റ് ആർ. രാജൻ കുട്ടി, ട്രഷറർ വി.മോഹൻദാസ്, എക്സിക്യൂട്ടീവ് അംഗങ്ങളായ അപ്പച്ചൻ കണ്ണംകുളം, കെ. തോമസ്, സി. ബോബി, ഡി. വിക്രം, സി. രവീന്ദ്രൻ, എസ്. ശ്രീനിവാസൻ, വി. സജിത എന്നിവർ പ്രസംഗിച്ചു.