പേരൂർക്കട: തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ നിന്ന് പുറപ്പെട്ട കേരള എക്സ്പ്രസ് എൻജിൻ തകരാറിനെ തുടർന്ന് ഒന്നര മണിക്കൂറോളം ട്രാക്കിൽ കുടുങ്ങി.ശനിയാഴ്ച ഉച്ചയോടുകൂടിയാണ് സംഭവം. യാത്രക്കാർ ഏറെ നേരം ട്രെയിനിൽ കുടുങ്ങി.
ഉച്ചയ്ക്ക് 12.15ന് തിരുവനന്തപുരം സെൻട്രലിൽനിന്ന് പുറപ്പെടേണ്ടിയിരുന്നതാണ് കേരള എക്സ്പ്രസ്. സ്റ്റേഷനിൽ നിന്ന് ഏതാനും മീറ്ററുകൾ നീങ്ങിയപ്പോൾ തന്നെ എൻജിൻ തകരാർ ശ്രദ്ധയിൽപ്പെടുകയായിരുന്നു.
പിന്നീട് മറ്റൊരു എൻജിൻ എത്തിച്ചാണ് ട്രെയിനിനെ തിരികെ മറ്റൊരു പ്ലാറ്റ്ഫോമിലൂടെ സെൻട്രൽ റെയിൽവേ സ്റ്റേഷനിലെ പ്രധാന ഭാഗത്ത് എത്തിച്ചത്. ആ സമയം കന്യാകുമാരി എക്സ്പ്രസ് സ്റ്റേഷനിൽ നിർത്തിയിട്ടിരിക്കുകയായിരുന്നു. ഈ ട്രെയിനിന്റെ പിന്നിലേക്ക് നീക്കിയ ശേഷമാണ് കേരള എക്സ്പ്രസ് ആദ്യം നിന്ന പ്ലാറ്റ്ഫോമിലേക്ക് എത്തിച്ചത്. എൻജിനിലെ സാങ്കേതിക പ്രശ്നം ഉടൻ പരിഹരിക്കാൻ സാധിക്കാത്തതുകൊണ്ട് ഉച്ചകഴിഞ്ഞ് രണ്ടായിട്ടും ട്രെയിനിന് യാത്ര തുടങ്ങാൻ സാധിച്ചില്ല.
നേരത്തെ ടിക്കറ്റ് ബുക്ക് ചെയ്ത യാത്രക്കാർക്ക് ഇതുമൂലം ഉണ്ടായ അസൗകര്യത്തെക്കുറിച്ച് റെയിൽവേ അനൗൺസ്മെന്റ് ഉണ്ടായിരുന്നു. അതേസമയം ജനറൽ ടിക്കറ്റ് എടുത്ത യാത്രക്കാർക്ക് റീഫണ്ട് നൽകിയതിനാൽ അവർ വേറെ ട്രെയിനിൽ യാത്ര ചെയ്തു.
കേരള എക്സ്പ്രസ് എൻജിൻ തകരാർ മൂലം ട്രാക്കിൽ കുടുങ്ങിയതിനാൽ തിരുവനന്തപുരത്തേക്ക് വരേണ്ടതും തിരുവനന്തപുരത്തുനിന്ന് പോകേണ്ടതുമായ മിക്ക ട്രെയിനുകളുടെയും സമയക്രമത്തെ ഇത് പ്രതികൂലമായി ബാധിച്ചു. ചില ട്രെയിനുകൾ ഏറെനേരം ഔട്ടറിൽ നിർത്തിയിടുകയും ചെയ്തു.തിരുവനന്തപുരം സ്റ്റേഷനിൽ നിന്ന് വൈകി യാത്ര തിരിച്ച ട്രെയിൻ ഇന്നലെ രാത്രി 7.30 ഓടുകൂടിയാണ് എറണാകുളം സ്റ്റേഷനിൽ എത്തിച്ചേർന്നത്.