നെയ്യാർഡാം: നെയ്യാറിൽ ഇറങ്ങുന്നവരെ ഒന്നു സൂക്ഷിക്കണേ... ചീങ്കണ്ണികൾക്ക് ഡിസംബർ, ജനുവരി മാസം പ്രജനന കാലമാണ്. അവ ഇണ ചേരുന്നതും മുട്ടയിടുന്നതും ഈ മാസങ്ങളിലാണ്. പ്രജനനകാലം അപകടമായതിനാൽ സൂക്ഷിച്ചിരിക്കാൻ വനംവകുപ്പ് തന്നെ പറയുന്നു.
ചീങ്കണ്ണികളുടെ വംശനാശം ഒഴിവാക്കാനാണ് ഡാമിൽ 1977-ൽ ചീങ്കണ്ണി വളർത്തൽ കേന്ദ്രം തുടങ്ങുന്നതും നെയ്യാറിലെ തടിവെട്ട് തടയാൻ എന്നപേരിൽ വളർച്ച എത്തിയ ചീങ്കണ്ണികളെ 1985-ൽ അണക്കെട്ടിലേക്ക് തുറന്നുവിടുന്നതും.
തുറന്നു വിട്ടതുമുതൽ തുടങ്ങുന്നു മനുഷ്യർക്ക് ദുരിതങ്ങൾ... ആദ്യം ഡാമിൽ കുളിക്കാനിറങ്ങിയ രാജമ്മ എന്ന വീട്ടമ്മയുടെ കൈ കടിച്ചെടുത്തു. തുടർന്ന് നിരവധി പേരെ ആക്രമിക്കുകയും നാലോളം പേർക്ക് ജീവഹാനി ഉണ്ടാകുകയും ചെയ്തു. ഡാമിന്റെ ക്യാച്ച്മെന്റ് ഏരിയയിൽ താമസിക്കുന്നവരുടെ വീടുകളിൽ കയറി വളർത്തുമ്യഗങ്ങളെ കൊല്ലുന്നതും പതിവായി.
പിന്നാലെ ജനരോഷമുണ്ടായതോടെ ചീങ്കണ്ണികളെ പിടികൂടാൻ വനംവകുപ്പ് ശ്രമം തുടങ്ങി. ചീങ്കണ്ണി പിടുത്തക്കാരെ കൊണ്ടുവന്ന് പിടിക്കാൻ ആദ്യം ശ്രമിച്ചു. ഇതിനായി ലക്ഷങ്ങൾ ചിലവഴിച്ചു. അത് പരാജയമായതോടെ, നാട്ടുകാരുടെ സഹകരണത്തോടെ വലയിട്ട് പിടിക്കാൻ വിപുലമായ സജ്ജീകരണങ്ങളോടെ ശ്രമം തുടങ്ങി.
അങ്ങിനെ ഇക്കോ കമ്മിറ്റികളുടെ സഹകരണത്തോടെ ഡാമിലെ ചീങ്കണ്ണികളെ മുഴുവൻ 2003 അവസാനത്തോടെ പിടിച്ചുമാറ്റിയെന്ന് വനംവകുപ്പ് അവകാശപ്പെടുകയും ചെയ്തിരുന്നു. എന്നാൽ ചീങ്കണ്ണികൾ അണക്കെട്ടിൽ ധാരാളമുണ്ടെന്നാണ് പ്രദേശവാസികൾ പറയുന്നത്.
ചീങ്കണ്ണി പാർക്കിലുള്ള ചിലതിനെ രഹസ്യമായി അണക്കെട്ടിൽ ഇറക്കിവിട്ടതായി മുൻപ് ആരോപണങ്ങൾ ഉയർന്നിരുന്നു. ഇവ മുട്ടയിട്ട് പെരുകി. ഇന്ന് ചീങ്കണ്ണികൾ മൂലമുണ്ടാകുന്ന പ്രശ്നങ്ങളെക്കുറിച്ച് പരാതി പറഞ്ഞാൽ അതിന് ചെവികൊടുക്കാൻ വനംവകുപ്പ് തയാറാകുന്നില്ലെന്നും നാട്ടുകാർ പറയുന്നു.
ഇപ്പോൾ അടുത്തിടെ നിക്ഷേപിച്ച അഞ്ച് ലക്ഷം മീൻകുഞ്ഞുങ്ങൾ അടക്കം മൽസ്യസമ്പത്ത് ഇവിടുണ്ട്. വന്യജീവി നിയമവും കസ്തൂരിരംഗൻ റിപ്പോർട്ടും പറഞ്ഞ് മീൻപിടുത്തം നിരോധിച്ചിരിക്കുകയാണ് വനംവകുപ്പ്. ഡാമിൽ കിടക്കുന്ന മീൻപറ്റങ്ങളെ തിന്ന് സുഭിക്ഷമായി കഴിയുകയാണ് ഇവിടുത്തെ ചീങ്കണ്ണികൾ.
ഡാമിൽ ചീങ്കണ്ണികൾ ഇല്ലെന്ന് പറയുന്ന വനംവകുപ്പ് തന്നെ പറയുകയാണ് നാല് മാസങ്ങൾ വളരെ സൂക്ഷിക്കേണ്ട മാസങ്ങളാണെന്ന്. വെള്ളത്തിൽ വച്ച് ഇണചേരുന്ന ഇവ മുട്ടയിടുന്നത് കരയിലാണ്. എട്ട് മുതൽ 45 വരെ മുട്ടകളാണ് പ്രജനനകാലത്ത് ഇടുന്നത്. ഇടുന്ന മുട്ട കരയിൽ തന്നെ പ്രത്യേക കുഴി എടുത്ത് ചീങ്കണ്ണികൾ സൂക്ഷിക്കും.
എന്നാൽ അടയിരിക്കാറില്ല. മുട്ട നശിപ്പിക്കുന്നത് തടയാൻ അവറ്റകൾ കരയിൽ തന്നെ കാത്തിരിക്കും. കുറഞ്ഞത് ഒരു മാസത്തിനകത്ത് മുട്ട വിരിയും. അതിനാൽ ഡിസംബറിൽ തുടങ്ങി മാർച്ച്, ഏപ്രിൽ വരെ നെയ്യാർ തീരത്ത് ചീങ്കണ്ണികൾ തമ്പടിക്കും. ഇതാണ് തീരവാസികൾക്ക് പേടി നൽകുന്നത്.