തിരുവനന്തപുരം: കേന്ദ്രസർക്കാരിന്റെ തൊഴിൽ കോഡുകളുടെ അടിസ്ഥാനത്തിൽ സംസ്ഥാനം കരട് ചട്ടങ്ങൾ തയാറാക്കിയതത് കേന്ദ്ര സർക്കാരിന്റെ സമ്മർദത്തെത്തുടർന്നെന്ന് തൊഴിൽമന്ത്രി വി.ശിവൻകുട്ടി.
എല്ലാ ട്രേഡ് യൂണിയനുകളുമായി ഇക്കാര്യത്തിൽ ചർച്ച നടത്തിയിരുന്നെന്നും താൻകൂടി അറിഞ്ഞാണ് കരട് ചട്ടങ്ങൾ വിജ്ഞാപനം ചെയ്തതെന്നും മന്ത്രി പത്രസമ്മേളനത്തിൽ വ്യക്തമാക്കി.
കേന്ദ്രസർക്കാരിന്റെ തൊ ഴിൽ കോഡിനെതിരേ ശക്തമായ നിലപാടാണ് സംസ്ഥാനത്തിനുള്ളതെന്നും ഈ സാഹചര്യത്തിൽ കരട് ചട്ടങ്ങൾ കേന്ദ്രത്തിന് അയച്ചിട്ടില്ലെന്നും കേന്ദ്രത്തിന്റെ നാലു ലേബർ കോഡുകളും സംസ്ഥാനം നടപ്പാക്കില്ലെന്നും മന്ത്രി പറഞ്ഞു.
കരട് ചട്ടങ്ങൾ സംബന്ധിച്ച് തങ്ങൾ അറിഞ്ഞിട്ടില്ലെന്നു ഭരണാനുകൂല ട്രേഡ് യൂണിയനുകൾ ഉൾപ്പെടെ പരാതി പറഞ്ഞല്ലോ എന്ന ചോദ്യത്തിന്, എല്ലാ ട്രേഡ് യൂണിയനുകളുമായി ചർച്ച നടത്തിയിരുന്നുവെന്നായിരുന്നു മന്ത്രിയുടെ മറുപടി.
2022 ജൂലൈ രണ്ടിനു തിരുവനന്തപുരത്തു നടന്ന സെമിനാറിൽ ലേബർ കോഡിനെതിരേ തൊഴിലാളി യൂണിയനുകൾ വിമർശനം ഉന്നയിച്ചു. ആ വികാരം മാനിച്ച് തുടർനടപടികൾ സ്വീകരിക്കേണ്ടതില്ലെന്ന് നിർദേശവും നൽകി. മൂന്നു വർഷമായി കരട് മേശയ്ക്കുള്ളിലാണ്.
സംസ്ഥാനം വിഷയത്തിൽ നടപടികളൊന്നും സ്വീകരിച്ചിട്ടില്ല. ഈ മാസം ഡൽഹിയിൽ നടന്ന തൊഴിൽ മന്ത്രിമാരുടെ യോഗത്തിൽ തൊഴിൽ കോഡിലെ കേരളത്തിന്റെ വിയോജിപ്പ് കേന്ദ്ര തൊഴിൽ മന്ത്രിയെ അറിയിച്ചു.
ട്രേഡ് യൂണിയൻ പ്രതിനിധികളുടെ യോഗം വിളിച്ചുചേർക്കുമെന്നു കേന്ദ്രമന്ത്രി ഉറപ്പുനൽകിയെങ്കിലും അത് പാലിക്കാതെയാണ് വിജ്ഞാപനം പുറപ്പെടുവിച്ചത്. ഇത് ചർച്ച ചെയ്യാൻ സംസ്ഥാനത്തെ കേന്ദ്ര ട്രേഡ് യൂണിയൻ പ്രതിനിധികളുടെ അടിയന്തര യോഗം ഇന്നു നടത്തും. സംസ്ഥാനത്തെ ട്രേഡ് യൂണിയനുകളുടെ അഭിപ്രായം കേട്ടശേഷം തുടർനടപടികളിലേക്കു കടക്കുകയുള്ളുവെന്നും മന്ത്രി പറഞ്ഞു.