തിരുവനന്തപുരം: വ്യവസായ മേഖലയിൽ വിപ്ലവകരമായ മാറ്റം കൊണ്ടുവരാൻ ശേഷിയുള്ള ഭാവിയിലെ അത്ഭുത പദാർഥമെന്ന് വിശേഷിപ്പിക്കപ്പെടുന്ന ഗ്രഫീൻ ഉത്പാദനത്തിലും ഗവേഷണത്തിലും ലോകത്തിന്റെ ശ്രദ്ധാകേന്ദ്രമാകാൻ കേരളം ഒരുങ്ങുന്നു. സംസ്ഥാനത്ത് ഗ്രഫീൻ ആവാസ വ്യവസ്ഥയെ പ്രോത്സാഹിപ്പിക്കുന്ന കേരള ഗ്രഫീൻ നയത്തിനു മന്ത്രിസഭ അംഗീകാരം നൽകി.
ഏറ്റവും കനംകുറഞ്ഞതും ഉരുക്കിനേക്കാൾ 200 മടങ്ങ് കരുത്തുള്ളതുമായ, ഗ്രാഫൈറ്റിന്റെ അതിസൂക്ഷ്മപാളിയാണ് ഗ്രഫീൻ. ഇലക്ട്രോണിക്സ്, ആരോഗ്യ, ശുദ്ധീകരണ, വ്യവസായ മേഖലകളിൽ ഉപയോഗിക്കാവുന്നതാണിത്.
ഗ്രഫീൻ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്താനായി ബൃഹത്തായ പദ്ധതികളാണ് സംസ്ഥാന സർക്കാർ ആവിഷ്കരിച്ചത്. സംസ്ഥാനത്ത് ഗ്രഫീനിന്റെയും അനുബന്ധ വസ്തുക്കളുടെയും ഗവേഷണം, പ്രയോഗം എന്നിവ പ്രോത്സാഹിപ്പിക്കുക, വികസനത്തിനും വ്യവസായത്തിനും പിന്തുണ ഉറപ്പാക്കുക എന്നതാണ് കേരള ഗ്രഫീൻ നയം ലക്ഷ്യമിടുന്നത്.
സ്ഥിരതയുള്ള പ്രവർത്തനം സൃഷ്ടിക്കൽ, അനുകൂലമായ സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റം സ്ഥാപിക്കൽ, ഗവേഷണവും വികസനവും പിന്തുണയ്ക്കൽ, സാങ്കേതിക പിന്തുണയും ആഗോള പങ്കാളിത്തവും ഉറപ്പാക്കൽ, സാമ്പത്തിക കണ്‍സൾട്ടൻസി സേവനങ്ങളും മാർക്കറ്റിംഗും തുടങ്ങി യവ ഇതിൽ ഉൾപ്പെടുന്നു.