ചേർത്തല: കേരള ലോട്ടറിയില്‍ വ്യാജന് വിലസുന്നുവെന്ന് പരാതി. വെള്ളിയാഴ്ച നറുക്കെടുത്ത സുവർണ കേരളം ടിക്കറ്റുകളിൽ ഒരേ നമ്പറിൽ രണ്ടു ടിക്കറ്റുകള്‍ ലഭിച്ചതോടെ പോലീസിലും ജില്ലാ ലോട്ടറി ഓഫീസിലും പരാതി നൽകി. പള്ളിപ്പുറം കെആർ പുരം കരോണ്ടുകടവിൽ രഞ്ജിത്ത് രവീന്ദ്രനാണ് പരാതിക്കാരൻ.
ചേർത്തലയിലെ ഭഗവതി ലക്കി സെന്ററിൽനിന്ന് സുവർണ കേരളം എസ്കെ-63 ഡ്രോയിലെ 213225 മുതൽ 213249 വരെയുള്ള രണ്ട് ബുക്ക് ടിക്കറ്റുകൾ ഇദ്ദേഹം വാങ്ങിയിരുന്നു. അതിൽ കെഎം 213225 എന്ന നമ്പറിന് രണ്ട് ബുക്കിലും ഒരേ സീരിസാണ് രേഖപ്പെടുത്തിയിരുന്നത്.
ടിക്കറ്റുകൾ പ്രത്യേകം സ്കാനറിൽ പരിശോധിച്ചപ്പോൾ ഒന്ന് വ്യാജനാണെന്ന് കണ്ടെത്തി. മാസങ്ങൾക്ക് മുമ്പ് കണിച്ചുകുളങ്ങര സ്വദേശിക്ക് ഒരു കോടി രൂപ സമ്മാനം അടിച്ചതായി പ്രചരിച്ചെങ്കിലും പിന്നീട് പരിശോധനയിൽ വ്യാജ ലോട്ടറിയാണെന്ന് കണ്ടെത്തിയിരുന്നു.
ഒരേ സീരീസിലുള്ള രണ്ട് ലോട്ടറി നമ്പറുകൾ വന്നത് അച്ചടിപിശക് ആകാമെന്നാണ് ലോട്ടറി ഓഫീസിന്റെ പ്രാഥമിക വിശദീകരണം.
സംഭവത്തിൽ ചേർത്തല പോലീസ് അന്വേഷണം ആരംഭിച്ചു. ലോട്ടറി വകുപ്പും പരിശോധന നടത്തുമെന്ന് അധികൃതർ അറിയിച്ചു. എന്നാൽ ലോട്ടറി ഫലം പുറത്തുവന്നപ്പോൾ ഈ ടിക്കറ്റിന് സമ്മാനം ഉണ്ടായിരുന്നില്ല.