കൊച്ചി: നഴ്സുമാര്‍ നടത്തുന്ന സമരം അവസാനിപ്പിക്കുന്നതിന് ഹൈക്കോടതി മീഡിയേഷന് സെന്ററില്‍ അഡ്വ. പി.എം. മുഹമ്മദ് ഷിറാസിന്റെ മധ്യസ്ഥയില്‍ നടന്ന ചർച്ചയിലും തീരുമാനമായില്ല. അടിസ്ഥാന ശമ്പളം 40,000 രൂപയാക്കണമെന്ന ആവശ്യത്തില്‍ നഴ്സുമാരുടെ സംഘടനാപ്രതിനിധികള്‍ ഉറച്ചുനിന്നു.
അതേസമയം, മിനിമം വേതനവുമായി ബന്ധപ്പെട്ടു സര്‍ക്കാര്‍ പുറപ്പെടുവിച്ച ഉത്തരവിലെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാകുംവരെ കാത്തിരിക്കണമെന്നതടക്കം ആവശ്യങ്ങളാണ് ആശുപത്രി മാനേജ്മെന്റുകള്‍ ഉന്നയിച്ചത്.
ഇരുവിഭാഗവും വിട്ടുവീഴ്ചയ്ക്കു തയാറാകാതെവന്നതോടെ സംഘടനാതലത്തില്‍ തീരുമാനമെടുത്ത് നിലപാട് അറിയിക്കാന്‍ മീഡിയേറ്റര്‍ കക്ഷികള്‍ക്കു നിര്‍ദേശം നല്കി.
ചര്‍ച്ച തിങ്കളാഴ്ച വീണ്ടും തുടരാന്‍ തീരുമാനിച്ചാണ് ഇന്നലെ ചര്‍ച്ച അവസാനിപ്പിച്ചത്.