തൃശൂർ: കേരള സംഗീത നാടക അക്കാദമി സംഘടിപ്പിക്കുന്ന പതിനാറാമത് അന്താരാഷ്ട്ര നാടകോത്സവം (ഇറ്റ്ഫോക്ക്) 25നു തൃശൂരിൽ ആരംഭിക്കും.
അന്തർദേശീയ, ദേശീയതലത്തിൽനിന്ന് ഒന്പതുവീതം നാടകങ്ങളും മലയാളത്തിൽനിന്ന് അഞ്ച് നാടകങ്ങളും അടക്കം ആകെ 23 നാടകങ്ങളാണ് അവതരിപ്പിക്കുകയെന്ന് അക്കാദമി ചെയർമാൻ മട്ടന്നൂർ ശങ്കരൻകുട്ടി, സെക്രട്ടറി കരിവെള്ളൂർ മുരളി എന്നിവർ പത്രസമ്മേളനത്തിൽ പറഞ്ഞു.
ഫെബ്രുവരി ഒന്നുവരെ നടക്കുന്ന നാടകോത്സവത്തിൽ ആകെ 46 അവതരണങ്ങൾ ഉണ്ടാകും. ‘ഈ നിശബ്ദതയിലെ ശബ്ദങ്ങൾ’ എന്ന പ്രമേയത്തെ അടിസ്ഥാനമാക്കിയാണ് ഈ വർഷത്തെ ഇറ്റ്ഫോക്ക് രൂപകല്പന ചെയ്തിരിക്കുന്നത്. അർജന്റീന, ബ്രസീൽ, അർമേനിയ, പലസ്തീൻ, സ്ലോവാക്യ, സ്പെയിൻ, ജപ്പാൻ, ഡെൻമാർക്ക് എന്നീ രാജ്യങ്ങളിൽനിന്നുള്ള നാടകങ്ങളാണ് അന്തർദേശീയതലത്തിൽനിന്നു നാടകോത്സവത്തിലേക്ക് എത്തുക. കൂടാതെ പൂന, മുംബൈ, ചെന്നൈ, ആസാം, മധ്യപ്രദേശ് എന്നിവിടങ്ങളിൽനിന്നുള്ള നാടകങ്ങളുമുണ്ടാവും.
25ന് വൈകുന്നേരം അഞ്ചിന് അക്കാദമി അങ്കണത്തിൽ മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്യും.വിഖ്യാത ഡോക്യുമെന്ററി സംവിധായകൻ ആനന്ദ് പട്വർധൻ മുഖ്യാതിഥിയായി പങ്കെടുക്കും. ഗുജറാത്തി സിനിമാസംവിധായകനും നാടകകൃത്തും നടനുമായ ദക്ഷിണ് ബജ്രംഗ് ഛാര വിശിഷ്ടാതിഥിയാകും. മന്ത്രിമാരായ കെ. രാജൻ, ഡോ.ആർ. ബിന്ദു, മേയർ ഡോ. നിജി ജസ്റ്റിൻ, പി. ബാലചന്ദ്രൻ എംഎൽഎ, സാംസ്കാരികവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ഡോ.എൻ. രാജൻ ഖൊബ്രഗഡെ എന്നിവരും പരിപാടിയിൽ പങ്കെടുക്കും.
ഫെസ്റ്റിവൽ ഡയറക്ടർ വിഖ്യാത നാടകസംവിധായകൻ ഡോ. അഭിലാഷ് പിള്ളയാണ്. ശ്രീലങ്കൻ നാടകസംവിധായിക റുവാന്തി ഡി ചിക്കേറ, നാടകസംവിധായിക അനാമിക ഹസ്കർ, സംവിധായകനും നടനുമായ ഡോ. ശ്രീജിത്ത് രമണൻ, നാടകസംവിധായകൻ എം.ജി. ജ്യോതിഷ് എന്നിവരാണ് ഫെസ്റ്റിവൽ ക്യൂറേറ്റർമാർ. ജലീൽ ടി. കുന്നത്താണ് ഫെസ്റ്റിവൽ കോ-ഓർഡിനേറ്റർ.
ഫെസ്റ്റിവൽ ഡയറക്ടർ ഡോ. അഭിലാഷ് പിള്ള, അക്കാദമി പ്രോഗ്രാം ഓഫീസർ വി.കെ. അനിൽകുമാർ, ഫെസ്റ്റിവൽ കോഓർഡിനേറ്റർ ജലീൽ ടി. കുന്നത്ത് എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.
ഓണ്ലൈൻ ടിക്കറ്റ് ബുക്കിംഗ് അഞ്ചുമുതൽ. ടിക്കറ്റ് ബുക്കിംഗ് അഞ്ചിന് ഉച്ചയ്ക്കു 12ന് ആരംഭിക്കും. https://theatre festivalkerala.com വെബ്സൈറ്റ് വഴിയാണ് ടിക്കറ്റ് ബുക്ക് ചെയ്യേണ്ടത്. 90 രൂപയാണ് ടിക്കറ്റ് വില. ഒരാൾക്ക് ഒരു നാടകത്തിന്റെ രണ്ടു ടിക്കറ്റുകൾ ബുക്ക് ചെയ്യാം. ടിക്കറ്റുകൾ അതതുദിവസം രാവിലെ ഒന്പതിനും നാടകം ആരംഭിക്കുന്നതിന് ഒരുമണിക്കൂർ മുന്പും ലഭിക്കും.