തിരുവനന്തപുരം: തീവ്ര വോട്ടർ പട്ടിക പരിഷ്കരണത്തിന്റെ ഭാഗമായി ബിഎൽഒമാർ മൂന്നു തവണ വീട്ടിലെത്തിയിട്ടും കണ്ടെത്താനാകാത്തവരുടെ (അണ് ട്രെയിസബിൾ) എണ്ണം 11.13 ലക്ഷത്തോളമായി ഉയർന്നതായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ രത്തൻ യു. കേൽക്കർ.
മൊത്തം വോട്ടർ പട്ടികയിൽ ഏകദേശം അഞ്ചു ശതമാനത്തോളം വരുമിത്. കണ്ടെത്താനാകാത്തവർ കൂടുതലും നഗരപരിധിയിലാണ്. ഒരാഴ്ച അധിക സമയം അനുവദിച്ചതോടെ ഇവരിൽ ആരെയെങ്കിലും കണ്ടെത്താൻ കഴിയുമോ എന്ന് വീണ്ടും പരിശോധന നടത്താനാകും.
86 ശതമാനം പേരും ഫോം പൂരിപ്പിച്ചു ബിഎൽഒമാർക്ക് മടക്കി നൽകി. മടക്കി നൽകാത്തവരും നഗരപരിധിയിലാണ് കൂടുതൽ. എത്രയും വേഗം ഫോം പൂരിപ്പിച്ചു മടക്കി നൽകുന്നുവോ അവരെ വേഗത്തിൽ പട്ടികയിൽ ഉൾപ്പെടുത്താനാകും.
അവസാനഘട്ടം വരെ കാത്തുനിൽക്കാതെ ഫോം വേഗത്തിൽ പുരിപ്പിച്ചു മടക്കിനൽകാനാകണം. വേഗത്തിൽ ഡിജിറ്റൈസ് ചെയ്യാൻ ഇതു സഹായിക്കും. പൂരിപ്പിച്ച ഫോമിൽ എന്തെങ്കിലും തെറ്റുകൾ ഉണ്ടെങ്കിൽ തിരുത്താനും ഇത് ഉപകരിക്കും.
നീട്ടിയില്ലെങ്കിലും ഫോം പൂരിപ്പിച്ചു തിരിച്ചു മേടിക്കുന്നതിന് ബിഎൽഒമാർക്ക് നേരത്തേ സമയപരിധി നൽകിയിരുന്നു. നേരത്തേ അനുവദിച്ചിരുന്ന സമയപരിധിയായ ഡിസംബർ നാലുവരെ കാത്തു നിൽക്കാനല്ല ശ്രമിച്ചത്. ഇന്ന് 95 ശതമാനം പൂർത്തിയാക്കാനായിരുന്നു ലക്ഷ്യം. ഇന്നലെ ഇത് 86 ശതമാനത്തിൽ എത്തിയിരുന്നു. രണ്ടോ മൂന്നോ ദിവസത്തിനകം പരാമവധി പൂർത്തിയാക്കുകയായിരുന്നു ലക്ഷ്യം.