Kerala
തിരുവനന്തപുരം: പോലീസ് വകുപ്പിൽ 51 ഡ്രൈവർ അധിക തസ്തികകൾ സൃഷ്ടിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു.
പോലീസ് കോണ്സ്റ്റബിൾ ഡ്രൈവർമാരുടെ തുല്യ എണ്ണം തസ്തികകൾ അപ്ഗ്രേഡ് ചെയ്ത് നാല് സബ് ഇൻസ്പെക്ടർ ഡ്രൈവർ, 12 അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ ഡ്രൈവർ, 35 ഹെഡ് കോണ്സ്റ്റബിൾ ഡ്രൈവർ എന്നിങ്ങനെ 51 അധിക തസ്തികകൾ സൃഷ്ടിക്കും.
പ്രമോഷൻ തസ്തികകളുമായി താരതമ്യപ്പെടുത്തുന്പോൾ ഫീഡർ തസ്തികകളുടെ എണ്ണത്തിലെ അപര്യാപ്തതയും ജീവനക്കാരുടെ പ്രമോഷനിലെ സ്തംഭനാവസ്ഥയും കണക്കിലെടുത്താണ് തീരുമാനം.
Kerala
തിരുവനന്തപുരം: കോട്ടൂർ ആന പുനരധിവാസ കേന്ദ്രത്തിന്റെ പ്രവർത്തനത്തിനായി കോട്ടൂർ എലിഫന്റ് റസ്ക്യു ആൻഡ് റിഹാബിലേഷൻ സെന്റർ സൊസൈറ്റി (കെഇആർ ആൻഡ് ആർസിഎസ്) എന്ന പേരിൽ സൊസൈറ്റി രൂപവത്കരിക്കാൻ മന്ത്രിസഭ അംഗീകാരം നൽകി.
2025ലെ കേരള സംഘങ്ങൾ രജിസ്ട്രേഷൻ ആക്ടിന്റെ കീഴിലാണ് ആന പരിപാലന സൊസൈറ്റി രൂപവത്കരിക്കുന്നത്.
സൊസൈറ്റി രൂപീകരണത്തിനുള്ള കരട് മെമ്മോറാണ്ടം ഓഫ് അസോസിയേഷനും റൂൾസ് ആൻഡ് റെഗുലേഷൻസും അംഗീകരിച്ചു. സൊസൈറ്റി രജിസ്റ്റർ ചെയ്യുന്നതിനായി എപിസിസിഎഫ് ചീഫ് വൈൽഡ് ലൈഫ് വാർഡനെ ചുമതലപ്പെടുത്തി.
മൃഗസംരക്ഷണ വകുപ്പിനു കീഴിലെ പൊതുമേഖലാ സ്ഥാപനമായ മീറ്റ് പ്രോഡക്ട്സ് ഓഫ് ഇന്ത്യയിൽ ഒരു ബോയിലർ ഓപ്പറേറ്റർ തസ്തിക സൃഷ്ടിക്കാനും തീരുമാനിച്ചു.
Kerala
തിരുവനന്തപുരം: തെരഞ്ഞെടുപ്പിനു മുന്നോടിയായുള്ള വിഷയങ്ങൾ പരിഗണിക്കാൻ നാളെയും പ്രത്യേക മന്ത്രിസഭാ യോഗം ചേരുന്നു. ഇതിനു ശേഷം 25നും മന്ത്രിസഭാ യോഗം ചേരും.
സംസ്ഥാനത്തെ ബാറുകളുടെ സമയപരിധി കൂട്ടിയ വിഷയം ഇന്നലെ ഓണ്ലൈനായി ചേർന്ന മന്ത്രിസഭാ യോഗത്തിൽ ചർച്ച ആയില്ലെന്നാണു വിവരം.
ആരോടും ആലോചിക്കാതെ മദ്യശാലകളുടെ സമയപരിധി ഉയർത്തിയ നടപടിയിൽ സിപിഐ മന്ത്രിമാർക്ക് അടക്കം എതിർപ്പുണ്ട്. എന്നാൽ, പാർട്ടിയുടെ തീരുമാനത്തിന് അനുസരിച്ചാകും വിഷയം മന്ത്രിസഭയിൽ സിപിഐ മന്ത്രിമാർ ഉന്നയിക്കാൻ സാധ്യത. എക്സൈസ് വകുപ്പിന്റെ തീരുമാനമെന്നാണ് മുഖ്യമന്ത്രിയുടെയും എക്സൈസ് മന്ത്രിയുടെയും അഭിപ്രായം.
സർക്കാർ ജീവനക്കാരുടെ ശന്പളപരിഷ്കരണ കമ്മീഷനെ നിയോഗിക്കുന്നതും മന്ത്രിസഭയിൽ വരേണ്ടതാണ്. ഇതും നീളുകയാണ്. താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നത് അടക്കമുള്ള ഒട്ടേറെ ഫയലുകൾ മന്ത്രിസഭയുടെ പരിഗണനയ്ക്കായി വിവിധ വകുപ്പുകളുടേതായിട്ടുണ്ട്.
വരും ദിവസങ്ങളിലെ മന്ത്രിസഭാ യോഗങ്ങളുടെ പരിഗണനയിൽ ഇതും എത്തിയേക്കും.
Kerala
തിരുവനന്തപുരം: പ്രാക്ടീസ് അവസാനിപ്പിക്കുന്ന അഭിഭാഷകനു നൽകുന്ന ആനുകൂല്യത്തിന്റെയും മരണാനന്തര ആനുകൂല്യത്തിന്റെയും പരമാവധി തുക 20 ലക്ഷം രൂപയാക്കി ഉയർത്തി 1980ലെ അഭിഭാഷക ക്ഷേമനിധി ആക്ടിൽ ഭേദഗതി വരുത്താൻ മന്ത്രിസഭ തീരുമാനിച്ചു.
2026ലെ കേരള അഭിഭാഷക ക്ഷേമനിധി (ഭേദഗതി) ബിൽ അംഗീകരിക്കുകയും ചെയ്തു. നിലവിൽ 10 ലക്ഷം രൂപയായിരുന്നു പരമാവധി പരിധി.
പ്രധാന ശസ്ത്രക്രിയകൾക്കും കാൻസർ ചികിത്സയ്ക്കുമുള്ള സാന്പത്തിക സഹായം നിലവിലുള്ള ഒരു ലക്ഷം രൂപയിൽ നിന്ന് രണ്ട് ലക്ഷം രൂപയായി വർധിപ്പിക്കാനും തീരുമാനിച്ചു.
Business
തിരുവനന്തപുരം: വ്യവസായ മേഖലയിൽ വിപ്ലവകരമായ മാറ്റം കൊണ്ടുവരാൻ ശേഷിയുള്ള ഭാവിയിലെ അത്ഭുത പദാർഥമെന്ന് വിശേഷിപ്പിക്കപ്പെടുന്ന ഗ്രഫീൻ ഉത്പാദനത്തിലും ഗവേഷണത്തിലും ലോകത്തിന്റെ ശ്രദ്ധാകേന്ദ്രമാകാൻ കേരളം ഒരുങ്ങുന്നു. സംസ്ഥാനത്ത് ഗ്രഫീൻ ആവാസ വ്യവസ്ഥയെ പ്രോത്സാഹിപ്പിക്കുന്ന കേരള ഗ്രഫീൻ നയത്തിനു മന്ത്രിസഭ അംഗീകാരം നൽകി.
ഏറ്റവും കനംകുറഞ്ഞതും ഉരുക്കിനേക്കാൾ 200 മടങ്ങ് കരുത്തുള്ളതുമായ, ഗ്രാഫൈറ്റിന്റെ അതിസൂക്ഷ്മപാളിയാണ് ഗ്രഫീൻ. ഇലക്ട്രോണിക്സ്, ആരോഗ്യ, ശുദ്ധീകരണ, വ്യവസായ മേഖലകളിൽ ഉപയോഗിക്കാവുന്നതാണിത്.
ഗ്രഫീൻ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്താനായി ബൃഹത്തായ പദ്ധതികളാണ് സംസ്ഥാന സർക്കാർ ആവിഷ്കരിച്ചത്. സംസ്ഥാനത്ത് ഗ്രഫീനിന്റെയും അനുബന്ധ വസ്തുക്കളുടെയും ഗവേഷണം, പ്രയോഗം എന്നിവ പ്രോത്സാഹിപ്പിക്കുക, വികസനത്തിനും വ്യവസായത്തിനും പിന്തുണ ഉറപ്പാക്കുക എന്നതാണ് കേരള ഗ്രഫീൻ നയം ലക്ഷ്യമിടുന്നത്.
സ്ഥിരതയുള്ള പ്രവർത്തനം സൃഷ്ടിക്കൽ, അനുകൂലമായ സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റം സ്ഥാപിക്കൽ, ഗവേഷണവും വികസനവും പിന്തുണയ്ക്കൽ, സാങ്കേതിക പിന്തുണയും ആഗോള പങ്കാളിത്തവും ഉറപ്പാക്കൽ, സാമ്പത്തിക കണ്സൾട്ടൻസി സേവനങ്ങളും മാർക്കറ്റിംഗും തുടങ്ങി യവ ഇതിൽ ഉൾപ്പെടുന്നു.
Kerala
തിരുവനന്തപുരം: മത്സ്യബന്ധനം നിരോധിച്ചുകൊണ്ടുള്ള കാലാവസ്ഥാ മുന്നറിയിപ്പിനെ തുടർന്ന് 2025 മേയ് 18നും 31നുമിടയിൽ നഷ്ടപ്പെട്ട 14 തൊഴിൽദിവസങ്ങൾക്ക് നഷ്ടപരിഹാരം നൽകാൻ മന്ത്രിസഭ തീരുമാനിച്ചു.
1,72,160 മത്സ്യത്തൊഴിലാളികൾക്കും അനുബന്ധ കുടുംബങ്ങൾക്കും വിതരണം ചെയ്യുന്നതിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽനിന്ന് 48,20,48,000 രൂപ അനുവദിക്കും.
പാലക്കാട് നെന്മാറ പോത്തുണ്ടിയിൽ കൊലചെയ്യപ്പെട്ട സുധാകരന്റെ ഇളയ മകളായ കുമാരി അഖിലയ്ക്ക് മുഖ്യമന്തിയുടെ ദുരിതാശ്വാസനിധിയിൽനിന്ന് മുന്നു ലക്ഷം രൂപ അനുവദിക്കാൻ മന്ത്രിസഭ തീരുമാനിച്ചു.
പത്തനംതിട്ട ജില്ലയിൽ 2023 ജനുവരി മുതലുള്ള പ്രകൃതി ദുരന്തത്തിൽ പൂർണമായോ, ഭാഗികമായോ വീടുകൾക്ക് നാശനഷ്ടം സംഭവിച്ച 143 ദുരന്തബാധിതർക്ക് വിതരണം ചെയ്യാൻ 58,45,500 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽനിന്ന് അനുവദിക്കും. പത്തനംതിട്ട ജില്ലാ കളക്ടർക്കാണ് തുക അനുവദിക്കുക.
ഇടുക്കി കട്ടപ്പന വില്ലേജിൽ മാലിന്യ ടാങ്ക് വൃത്തിയാക്കുന്ന ജോലിക്കിടെ മരിച്ച തമിഴ്നാട് സ്വദേശികളായ ജയറാം, മൈക്കിൾ, സുന്ദരപാണ്ഡ്യൻ എന്നിവരുടെ ആശ്രിതർക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽനിന്ന് 5 ലക്ഷം രൂപ വീതം അനുവദിക്കും.
ഉജ്ജീവന വായ്പാ പദ്ധതി പ്രകാരം സൗത്ത് ഇന്ത്യൻ ബാങ്ക് തൃശൂർ ശാഖയിൽ നിന്ന് വായ്പ എടുത്ത 20 കർഷകർക്കും സംരംഭകർക്കും മാർജിൻ മണി വിതരണം ചെയ്യുന്നതിനായി ജില്ലാ കളക്ടർമാർക്ക് 21,93,750 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽനിന്ന് അനുവദിക്കാനും തീരുമാനിച്ചു.
Kerala
തിരുവനന്തപുരം: കൊച്ചി കാൻസർ റിസർച്ച് സെന്ററിൽ 91 സ്ഥിരം തസ്തികകളും 68 കരാർ തസ്തികളും ഉൾപ്പെടെ 159 തസ്തികകൾ സൃഷ്ടിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു.
ഫോറൻസിക് സയൻസ് ലബോറട്ടറിയിൽ 12 സയന്റിഫിക് ഓഫീസർ തസ്തിക സൃഷ്ടിക്കും. ബയോളജി വിഭാഗത്തിൽ- 3, കെമിസ്ട്രി-4, ഡോക്യുമെന്റ്സ്- 5 എന്നിങ്ങനെയാണ് തസ്തികകൾ സൃഷ്ടിക്കുക.
തലശേരി കോടതി സമുച്ചയത്തിന്റെ കോന്പൗണ്ടിൽ സ്ഥിതി ചെയ്യുന്ന പഴയ അഡീഷണൽ ജില്ലാ കോടതി സമുച്ചയ കെട്ടിടത്തിന്റെ താഴത്തെ നില കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിന്റെ അധിക ബെഞ്ച് പ്രവർത്തനത്തിന് വിനിയോഗിക്കാൻ അനുമതി നൽകി. ഇതിനായി 22 തസ്തികകളിൽ 16 തസ്തികകൾ പുതുതായി സൃഷ്ടിക്കാനും 6 തസ്തികകൾ പുനർ വിന്യസിക്കാനും തീരുമാനിച്ചു. കെട്ടിടത്തിന്റെ സിവിൽ-ഇലക്ട്രിക്കൽ ജോലികൾക്കായി 87,30,000 രൂപയും ഓഫീസ് സംവിധാനത്തിനായി 1.08 കോടി രൂപയും ചെലവഴിക്കും.
രണ്ടു തരത്തിലുള്ള വിരമിക്കൽ പ്രായം നിലനിൽക്കുന്ന കേരള അഗ്രോ മിഷനറി കോർപറേഷൻ ലിമിറ്റഡിലെ ജീവനക്കാരുടെ വിരമിക്കൽ പ്രായം 60 വയസായി ഏകീകരിക്കാനും തീരുമാനിച്ചു. മൃഗസംരക്ഷണ വകുപ്പിന്റെ കീഴിലെ പൊതുമേഖലാ സ്ഥാപനമായ കേരള ലൈവ് സ്റ്റോക്ക് ഡവലപ്മെന്റ് ബോർഡ് ലിമിറ്റഡിലെ ജീവനക്കാരുടെ വിരമിക്കൽ പ്രായം 60 വയസാക്കി ഉയർത്തി.
Kerala
തിരുവനന്തപുരം: സംസ്ഥാനത്തെ ഗ്രാമപഞ്ചായത്തുകൾ, നഗരസഭകൾ, സാംസ്കാരിക നിലയങ്ങൾ, പഞ്ചായത്ത് ലൈബ്രറികൾ, ശിശു മന്ദിരങ്ങൾ, നഴ്സറി സ്കൂളുകൾ തുടങ്ങിയവിടങ്ങളിൽ ഓണറേറിയം, ദിവസ വേതന അടിസ്ഥാനത്തിൽ പ്രവർത്തിക്കുന്നവരെ സ്ഥിരപ്പെടുത്താൻ മന്ത്രിസഭാ തീരുമാനം.
പത്തോ അതിലധികമോ വർഷമായി നടപടിക്രമം പാലിച്ച് നിയമനം ലഭിച്ചവരെയാണ് പാർട്ട് ടൈം കണ്ടിൻജന്റ് ജീവനക്കാരായി സ്ഥിരപ്പെടുത്തുക.
പതിനൊന്നിന പരിപാടിയുടെ ഭാഗമായോ അല്ലാതെയോ നിയമനം ലഭിച്ച് നിലവിൽ പത്തോ അതിലധികമോ വർഷമായി തുടർച്ചയായി പ്രവർത്തിച്ചു വരുന്നവരെയാണ് സ്ഥിരപ്പെടുത്തുക.
ലൈബ്രേറിയൻ, നഴ്സറി ടീച്ചർ, ആയ എന്നീ വിഭാഗങ്ങളിൽപ്പെട്ടവരെയാണ് പാർട്ട് ടൈം കണ്ടിൻജന്റ് ജീവനക്കാരായി സ്ഥിരപ്പെടുത്തുക. എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി പാർട്ട് ടൈമായി നിയോഗിച്ച് ഓണറേറിയം, ദിവസ വേതന രീതിയിലേക്ക് മാറ്റിയവർ ഉൾപ്പെടെയുള്ളവർക്കും ആനുകൂല്യം നൽകും.