തിരുവനന്തപുരം: നികുതി ചോർച്ച തടയാനുള്ള നടപടികൾ സംസ്ഥാന സർക്കാർ ഊർജിതമാക്കിയതോടെ ജിഎസ്ടി വരുമാനത്തിൽ വൻ വർധന. ഒക്ടോബറിൽ ചരക്കുസേവനനികുതി ഇനത്തിൽ മാത്രം 3689 കോടി രൂപ സംസ്ഥാന ഖജനാവിലെത്തി. 2025 ഒക്ടോബറിലെ വരുമാനവുമായി താരതമ്യം ചെയ്യുന്പോൾ 27 ശതമാനത്തിന്റെ റെക്കോർഡ് വർധന.
കഴിഞ്ഞ വർഷം ഒക്ടോബറിൽ 2913 കോടിയായിരുന്നു ജിഎസ്ടി വരുമാനം. അന്ന് രണ്ടു ശതമാനത്തിന്റെ തളർച്ചയായിരുന്നു മുൻ വർഷത്തെ അപേക്ഷിച്ചു കേരളം നേരിട്ടത്. ഇപ്പോൾ ദേശീയ ശരാശരിയിൽ 13 ശതമാനം വർധനയുള്ളപ്പോഴാണ് കേരളത്തിന്റെ നികുതി വരുമാനം 27 ശതമാനം വളർച്ചയിലേക്ക് കുതിച്ചത്.
വിപണിയെ ചലിപ്പിക്കുന്ന തരത്തിലുള്ള വൻ വ്യാപാരങ്ങൾ നടന്ന കഴിഞ്ഞ ഓണക്കാലം ഉൾപ്പെടുന്ന സെപ്റ്റംബർ മാസത്തിൽ 3451 കോടിയായിരുന്നു കേരളത്തിന്റെ ജിഎസ്ടി വരുമാനം. സംസ്ഥാനത്തെ വരുമാനച്ചോർച്ചയുണ്ടാകുന്ന മേഖലകളിൽ കനത്ത നടപടികൾ സർക്കാർ സ്വീകരിച്ചിരുന്നു. ജിഎസ്ടി വകുപ്പിനെ പുനഃസംഘടിപ്പിക്കുകയും ഇന്റലിജൻസ്, എൻഫോഴ്സ്മെന്റ് വിഭാഗങ്ങൾ ശക്തിപ്പെടുത്തുകയും ചെയ്തിരുന്നു. ഇതോടെ ഓരോ മാസവും ആനുപാതികമായ ജിഎസ്ടി വളർച്ച കേരളം കൈവരിച്ചു തുടങ്ങിയിട്ടുണ്ടെന്നാണ് അനുമാനം.
കേരളത്തിന്റെ ആഭ്യന്തര ജിഎസ്ടി വരുമാനമായ പ്രി-സെറ്റിൽമെന്റ് എസ്ജിഎസ്ടി വിഭാഗത്തിൽ ഇക്കഴിഞ്ഞ ഒക്ടോബറിൽ 1568 കോടി രൂപ ശേഖരിക്കാനായി. മുൻ വർഷം ഒക്ടോബറിൽ ഇത് 1281 കോടി രൂപയായിരുന്നു. 22 ശതമാനം വളർച്ച. എസ്ജിഎസ്ടിയും കേന്ദ്രത്തിന്റെ ഐജിഎസ്ടിയിലെ സംസ്ഥാന വിഹിതവും ചേർന്ന പോസ്റ്റ് സെറ്റിൽമെന്റ് വരുമാനത്തിലാണ് 27 ശതമാനത്തിന്റെ റെക്കോർഡ് വളർച്ച കൈവരിക്കാനായത്.
നിലവിലെ സാന്പത്തികവർഷം ആരംഭിച്ച ഏപ്രിൽ മുതൽ ഒക്ടോബർ സംസ്ഥാനത്തിന്റെ മൊത്തം ജിഎസ്ടി വരുമാനം (പോസ്റ്റ്-സെറ്റിൽമെന്റ്) 23,272 കോടിയായി ഉയർന്നു. 20 ശതമാനം വളർച്ച.
മുൻ വർഷം ഇതേ കാലയളവിൽ 19,395 കോടി രൂപയായിരുന്നു കേരളത്തിന്റെ വരുമാനം. ഇതേ കാലയളവിൽ 15ശതമാനം വളർച്ചയാണ് ദേശീയതലത്തിൽ കൈവരിക്കാനായത്. ഇതേ ഏഴു മാസ കാലയളവിലെ ആഭ്യന്തര (പ്രി സെറ്റിൽമെന്റ്) ജിഎസ്ടി വരുമാനം 10,538 കോടിയായി. മുൻ വർഷം ഇതേ കാലയളവിൽ 9,164 കോടിയായിരുന്നു ഈ ഇനത്തിൽ ലഭിച്ചത്.
വിപണിയിൽ ഉണർവ്
ക്ഷേമപെൻഷൻ, ആശാ വർക്കർമാരുടെ ഓണറേറിയം, ജീവനക്കാർക്കും പെൻഷൻകാർക്കുമുള്ള ക്ഷാമബത്ത, മറ്റ് സർക്കാർ പേയ്മെന്റുകൾ എന്നിവ കൃത്യസമയത്തു സർക്കാർ ലഭ്യമാക്കുന്നതിനാൽ സാധാരണക്കാരുടെ കൈയിൽ പണമെത്തി വിപണിയിൽ ഉണർവുണ്ടാകുന്നതാണ് ജിഎസ്ടി വരുമാന വർധന ചൂണ്ടിക്കാട്ടുന്നതെന്നാണ് ധനവകുപ്പ് അധികൃതർ പറയുന്നത്. ഇതോടൊപ്പം ഓണത്തിനു തുടർച്ചയായുള്ള ഉത്സവകാല വിൽപനകളും കേരളത്തിന്റെ നികുതി വരുമാന വളർച്ചയെ സഹായിച്ചതായി കണക്കാക്കുന്നു.