Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Kerala State School Arts Fest

സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ ശ്രദ്ധേയമായി മുഖ്യമന്ത്രിയുടെ പ്രസംഗം

തൃശൂര്‍: വര്‍ണാഭമായ തുടക്കത്തോടെ കേരളത്തിന്‍റെ സാംസ്‌കാരിക നഗരിയായ തൃശൂരിൽ ആരംഭിച്ച 64-ാമത് സ്‌കൂള്‍ കലോത്സവത്തില്‍ ശ്രദ്ധേയമായി മുഖ്യമന്ത്രിയുടെ പ്രസംഗം.

സമാധാനവും സന്തോഷവും ഇല്ലാതാക്കുന്ന കലാപകാരികളെ ചെറുത്തുതോല്‍പിക്കാനുള്ള നല്ലൊരായുധമാണ് കലയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. മതനിരപേക്ഷതയും ജനാധിപത്യവും ജീവിതത്തിലേക്ക് കൊണ്ടുവരുന്നതിന് കല പ്രധാനമാണ്. എന്നാല്‍ കലയെ മതത്തിന്‍റെ കള്ളിയില്‍ ഒതുക്കാന്‍ ശ്രമിക്കുന്നവര്‍ ഇന്നുമുണ്ട്.

മുസ്‌ലീങ്ങള്‍ ഭരതനാട്യം പഠിക്കരുതെന്നും ഹിന്ദുക്കള്‍ ഒപ്പനയില്‍ പങ്കെടുക്കരുതെന്നും പറഞ്ഞ് കുഴപ്പമുണ്ടാക്കാന്‍ അവര്‍ ശ്രമിച്ചതു നമ്മള്‍ കണ്ടതാണ്. അവരുടെ തിട്ടൂരങ്ങള്‍ കാറ്റില്‍പറത്തി, ജാതിയോ മതമോ നോക്കാതെ നിങ്ങള്‍ കലകള്‍ അവതരിപ്പിക്കുകയെന്ന് കുട്ടികളോട് മുഖ്യമന്ത്രി ആഹ്വാനം ചെയ്തു. 64-ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്‍റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഒരുകാലത്ത് പല കലകളും ജാതിയുടെയോ മതത്തിന്‍റെയോ ഉള്ളില്‍ മാത്രമായി ഒതുങ്ങിനിന്നിരുന്നു. ഫ്യൂഡലിസം അവസാനിച്ച് ജനാധിപത്യവും മതനിരപേക്ഷതയും അധിഷ്ഠിതമായ പുതിയകാലം പിറന്നതോടെ കലകളുടെ സ്വഭാവത്തില്‍ മാറ്റം വന്നു. എല്ലാ കലകളും എല്ലാവരുടേതും ആയി മാറി.

കലാമണ്ഡലം ഹൈദരാലി, ഉസ്താദ് ബിസ്മില്ലാ ഖാന്‍ തുടങ്ങിയവരുടെ അനുഭവങ്ങള്‍ ഉദാഹരണമായി ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി പറഞ്ഞു: 'കലാകാരന്മാരെ മതത്തിന്‍റെ കണ്ണിലൂടെ കാണരുത്. കലാകാരന്മാരായി കാണുക. കലയാണ് അവരുടെ മതം.'

മാപ്പിളപ്പാട്ടുകള്‍, ക്രിസ്തീയ ഭക്തിഗാനങ്ങള്‍ തുടങ്ങി വിവിധ മതങ്ങളുടെ അനുഭൂതികള്‍ സ്വാംശീകരിക്കുന്ന കേരളത്തിന്‍റെ വിശാലമനസ്സ് ഉയര്‍ത്തിപ്പിടിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

രാജ്യത്ത് ക്രിസ്മസ് കരോളുകള്‍ക്കു പോലും ആക്രമണം നടക്കുന്ന സാഹചര്യത്തില്‍, കേരളത്തിന്‍റെ മഹത്തായ സംസ്‌കാരം സംരക്ഷിക്കേണ്ടതിന്‍റെ പ്രാധാന്യവും മുഖ്യമന്ത്രി ഊന്നിപ്പറഞ്ഞു. മുഖ്യമന്ത്രിക്കൊപ്പം കേന്ദ്ര സാംസ്‌കാരിക സഹമന്ത്രി സുരേഷ് ഗോപിയും വേദിയിലിരിക്കവേയാണ് മുഖ്യമന്ത്രിയുടെ പ്രസംഗം.

Latest News

Corehub Up