തിരുവനന്തപുരം: യുഡിഎഫ് സർക്കാരിന്റെ ആദ്യ മദ്യനയത്തിന് രൂപം നൽകാനുള്ള നടപടികൾ വേഗത്തിലാക്കി എക്സൈസ് വകുപ്പ്. ഇതുമായി ബന്ധപ്പെട്ട് തയാറാക്കിയ കരട് മന്ത്രി എം. ലിജു ഈ ആഴ്ച തന്നെ മുഖ്യമന്ത്രിക്ക് കൈമാറും. കരട് മദ്യനയം മുഖ്യമന്ത്രിക്ക് കൈമാറിയ ശേഷം യുഡിഎഫ് യോഗം വിളിച്ച് വിശദമായ ചർച്ച നടത്തും. മുന്നണിയുടെ അഭിപ്രായങ്ങൾ കൂടി പരിഗണിച്ച ശേഷമായിരിക്കും മന്ത്രിസഭയുടെ പരിഗണനയ്ക്ക് സമർപ്പിക്കുക.
പുതിയ ബാർ ലൈസൻസുകൾ അനുവദിക്കുന്ന കാര്യത്തിൽ കടുത്ത നിയന്ത്രണങ്ങൾ കൊണ്ടുവരണമെന്ന അഭിപ്രായം കോൺഗ്രസിലെയും യുഡിഎഫിലെയും മുതിർന്ന നേതാക്കൾക്കിടയിലുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ പുതിയ ബാർ ലൈസൻസുകൾ അനുവദിക്കുന്നതിനും നിലവിലുള്ള ലൈസൻസുകൾ പുതുക്കുന്നതിനും നിയന്ത്രണങ്ങൾ ശക്തമാക്കാനാണ് നീക്കം.
മുൻകാലങ്ങളിൽ നിന്ന് വ്യത്യസ്തമായി മദ്യവിരുദ്ധ പ്രസ്ഥാനങ്ങൾ, സാമൂഹിക-സാംസ്കാരിക സംഘടനകൾ, മതസംഘടനകൾ എന്നിവയുടെ അഭിപ്രായങ്ങളും പുതിയ മദ്യനയം രൂപീകരിക്കുന്നതിന്റെ ഭാഗമായി എക്സൈസ് മന്ത്രി തേടിയിട്ടുണ്ട്. വിവിധ വിഭാഗങ്ങളുടെ അഭിപ്രായങ്ങൾ കൂടി പരിഗണിച്ച് അന്തിമരൂപം നൽകുക.