തിരുവനന്തപുരം: പശ്ചിമേഷ്യൻ സംഘർഷങ്ങളുടെ ഫലമായി പാക്കിസ്ഥാനിലെ കറാച്ചി വിമാനത്താവളത്തിൽ കുടുങ്ങിയ മൂന്ന് മലയാളികൾ നാട്ടിലേക്ക് മടങ്ങുന്നു. പാലക്കാട് കൊടുമ്പ് സ്വദേശി കൃഷ്ണദാസ് നാഗലൂർ, ഭാര്യ ഡോ. രശ്മി മേനോന്‍, മകള്‍ സ്മൃതി മേനോന്‍ (മൂന്ന്) എന്നിവരാണ് കറാച്ചിയിലുള്ളത്.
ഇവര്‍ പാക്കിസ്ഥാനില്‍ നിന്നും വിമാനമാര്‍ഗം ഇന്ന് ഉച്ചയോടെ ശ്രീലങ്കയിലെ കൊളംബോയിലെത്തും. തുടർന്ന് അര്‍ധരാത്രി 12.30 ന് ശ്രീലങ്കന്‍ എയര്‍വേയ്സ് വിമാനത്തില്‍ ഡൽഹിയിലേക്ക് തിരിക്കുന്ന ഇവർ ചൊവ്വാഴ്ച പുലര്‍ച്ചെയുള്ള എയര്‍ ഇന്ത്യാ വിമാനത്തില്‍ കൊച്ചിയിലെത്തുമെന്നാണ് അധികൃതര്‍ അറിയിക്കുന്നത്.
അസർബൈജാൻ തലസ്ഥാനമായ ബാക്കുവിൽ നിന്നും ഷാർജ വഴി കുവൈത്തിലേക്ക് പോവുകയായിരുന്ന എയര്‍ അറേബ്യ വിമാനത്തിലെ യാത്രക്കാരായിരുന്നു ഇവർ. സംഘര്‍ഷത്തെ തുടർന്ന് വിമാനം പാത മാറ്റുകയും കറാച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ അടിയന്തരമായി ഇറക്കുകയുമായിരുന്നു. മലയാളികള്‍ ഉള്‍പ്പെടെയുള്ള എട്ട് ഇന്ത്യന്‍ പൗരന്മാരാണ് കറാച്ചി വിമാനത്താവളത്തിൽ കുടുങ്ങിയത്.
തുടർന്ന് നോർക്ക് റൂട്ട്സും കേന്ദ്ര വിദേശകാര്യ മന്ത്രാലയവും ഇടപെട്ടാണ് ഇവർക്ക് നാട്ടിലേക്കുള്ള വഴി തെളിഞ്ഞത്.