ദുബായ്: ശത്രുക്കൾക്ക് വരാനിരിക്കുന്നത് നല്ല വർഷമായിരിക്കില്ലെന്ന് മുന്നറിയിപ്പുമായി ഇറാൻ പരമോന്നത നേതാവ് മുജ്തബ ഖമനയ് രംഗത്തെത്തി. പുതിയ പ്രസ്താവനയിലാണ് മുജ്തബ ഖമനയ് നിലപാട് വ്യക്തമാക്കിയത്. തുർക്കിയിലേക്കും ഒമാനിലേക്കും ആക്രമണം നടത്തിയത് ഇറാനല്ലെന്നും ഇവ ഇസ്രയേൽ നടത്തിയ ആൾമാറാട്ട ആക്രമണമാണെന്നുമാണ് മുജ്തബ ഖമനയ്യുടെ നിലപാട്.
അതേസമയം ഗൾഫ് രാജ്യങ്ങൾക്ക് നേരെ രാത്രിയിൽ ഇറാന്റെ ആക്രമണ ശ്രമം നടത്തിയെങ്കിലും ദുബായിൽ ഡ്രോണുകൾ തകർത്തു. സൗദിയിലും കുവൈത്തിലും വിവിധ മേഖലകളിൽ ആക്രമണം തടഞ്ഞു.
തലമുതിർന്ന നേതൃത്വത്തെ വധിച്ചാൽ ജനങ്ങളെ ഭയപ്പെടുത്താമെന്ന ശത്രുക്കളുടെ മോഹം തകർന്നുപോയിയെന്നും മുജ്തബ ഖമനയ്യുടെ പ്രസ്താവനയിലുണ്ട്. പാകിസ്ഥാനും അഫ്ഗാനിസ്ഥാനും ഇടയിൽ സമാധാനത്തിന് മുൻകൈയെടുക്കാമെന്ന പുതിയ വാഗ്ദാനവും ശ്രദ്ധേയമാണ്.
അമേരിക്കയ്ക്ക് താവളങ്ങൾ വിട്ടുനൽകിയ യുകെ പൗരന്മാരുടെ ജീവൻ അപകടത്തിലാക്കുകയാണെന്ന് ഇറാൻ മുന്നറിയിപ്പ് നൽകി. യുദ്ധം തങ്ങൾ ജയിച്ചു കഴിഞ്ഞെന്ന അമേരിക്കൻ അവകാശവാദത്തെയും ഇറാൻ പരിഹസിച്ചു. അമേരിക്ക അവകാശപ്പെട്ടതല്ല സംഭവിക്കുന്നതെന്നാണ് വിദേശകാര്യ മന്ത്രി അബ്ബാസ് അരഗ്ചി പരിഹസിച്ചത്.
ഇറാന്റെ വ്യോമപ്രതിരോധം തകർന്നെന്ന് അമേരിക്ക അവകാശപ്പെട്ട ശേഷമാണ് എഫ്-35 വിമാനം ഇറാൻ വീഴ്ത്തിയത്. ആക്രമണങ്ങളെ തുടർന്ന് ഇറാഖിലെ എണ്ണ ഉൽപാദനത്തിലെ നല്ലൊരു പങ്ക് നിർത്തിവയ്ക്കേണ്ടി വരുമെന്ന് മന്ത്രാലയം അറിയിച്ചു.