കോൽക്കത്ത: പ്രമുഖ ബംഗാളി നടൻ ഖരാജ് മുഖർജിയും ഭാര്യ പ്രതിഭയും നേപ്പാളിലെ മിന്നൽപ്രളയത്തിൽ കുടുങ്ങി. ബംഗ്ലാദേശി സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ടാണ് ഖരാജ് മുഖർജിയും ഭാര്യയും സുഹൃത്തുക്കളും നേപ്പാളിലെത്തിയത്.
ഖരാജ് മുഖർജിയെയും സംഘത്തെയും ഫോണിൽ ബന്ധപ്പെട്ടതായും സുരക്ഷിതരാണെന്ന് അറിയിച്ചതായും ബന്ധുക്കൾ പറഞ്ഞു. മറ്റൊരു നടൻ രജതഭ ദത്തയും ഇവർക്കൊപ്പമുണ്ട്. കാഠ്മണ്ഡുവിൽനിന്നു വിമാനമാർഗം മടങ്ങാൻ കഴിയാത്തതിനാൽ ഉത്തർപ്രദേശിലെ ഗൊരഖ്പുരിലേക്ക് റോഡ് മാർഗം എത്താനാണു സംഘം ശ്രമിക്കുന്നത്. ദി നെയിംസേക്, ആക്സിഡന്റ്, മുക്തോധര, ജതിശ്വർ എന്നിവയാണ് ഖരാജ് മുഖർജിയുടെ പ്രധാന ചിത്രങ്ങൾ.