ഹരിയാനയിലെ പഞ്ച്കുള ആസ്ഥാനമായി പ്രവർത്തിക്കുന്ന എംഐടിഎസ് ഹെൽത്ത്കെയർ എന്ന ഫാർമസ്യൂട്ടിക്കൽ കമ്പനി, തങ്ങളുടെ ജീവനക്കാരുടെ മികച്ച സേവനത്തെയും പ്രകടനത്തെയും മുൻനിർത്തി ദീപാവലി സമ്മാനമായി നാല് ജീവനക്കാർക്ക് പുത്തൻ കിയ സോനെറ്റ് എസ്യുവികൾ കൈമാറി.
വാദ്യമേളങ്ങളുടെയും കേക്ക് മുറിക്കലിന്റെയും അകമ്പടിയോടെ ജീവനക്കാർ പുതിയ വാഹനങ്ങളുടെ കവർ മാറ്റുന്ന ദൃശ്യങ്ങൾ ഇൻസ്റ്റാഗ്രാമിൽ തരംഗമായി മാറിയിരിക്കുകയാണ്. കമ്പനി സ്ഥാപകനും ചെയർമാനുമായ എം.കെ. ഭാട്ടിയയുടെ സാന്നിധ്യത്തിൽ കാർ ഡീലർഷിപ്പിൽ വെച്ചായിരുന്നു ഈ പ്രത്യേക ചടങ്ങ് നടന്ന്.
കറുത്ത തുണി കൊണ്ട് മൂടിയിരുന്ന നാല് എസ്യുവികൾ ജീവനക്കാർ ഓരോരുത്തരായി തുറക്കുകയും, തുടർന്ന് സഹപ്രവർത്തകർ പാട്ടും നൃത്തവുമായി ആഘോഷങ്ങളിൽ പങ്കുചേരുകയും ചെയ്തു.
വർഷങ്ങളായി സ്ഥാപനത്തോട് കാണിച്ച വിശ്വസ്തതയ്ക്കുള്ള അംഗീകാരമായിട്ടാണ് ഈ അമൂല്യ സമ്മാനം തങ്ങൾക്ക് ലഭിച്ചതെന്ന് സമ്മാനാർഹനായ ഒരു ജീവനക്കാരൻ വ്യക്തമാക്കുന്നു.
ഒറ്റനോട്ടത്തിൽ വലിയൊരു ആഡംബര സമ്മാനമായി തോന്നാമെങ്കിലും, വ്യക്തമായ ഒരു സാമ്പത്തിക ചട്ടക്കൂടിലാണ് ഈ കാർ സമ്മാന പദ്ധതി കമ്പനി നടപ്പിലാക്കിയിരിക്കുന്നത്.
വാഹനങ്ങൾക്കായി അടയ്ക്കേണ്ട വലിയ തുകയുടെ ഡൗൺ പേയ്മെന്റ് കമ്പനി നേരിട്ട് വഹിക്കുകയും, തുടർന്നുള്ള മാസത്തവണകൾ ജീവനക്കാരുടെ മാസശമ്പളത്തിൽ നിന്ന് ക്രമീകരിക്കുകയുമാണ് ചെയ്യുന്നത്. കാറിന്റെ ഉടമസ്ഥാവകാശം ജീവനക്കാരുടെ പേരിലാണ് രജിസ്റ്റർ ചെയ്യുന്നത്.
കൂടാതെ, സെക്യൂരിറ്റി ജീവനക്കാർ മുതൽ ഉയർന്ന തസ്തികയിലുള്ളവർക്ക് വരെ തുല്യ അവസരം നൽകിക്കൊണ്ട് സ്ഥാപനത്തിൽ 18 മാസം പൂർത്തിയാക്കിയവർക്കായി പ്രത്യേക ലക്കി ഡ്രോ പദ്ധതിയും കമ്പനി ആവിഷ്കരിച്ചിട്ടുണ്ട്.
ജീവനക്കാർക്ക് വാഹനങ്ങൾ സമ്മാനിക്കുന്ന രീതി കമ്പനി മുൻപും പിന്തുടർന്നിട്ടുണ്ട്. 2024-ൽ ടാറ്റാ പഞ്ച്, മാരുതി സുസുകി ഗ്രാന്റ് വിറ്റാര ഉൾപ്പെടെ 15 വാഹനങ്ങൾ കമ്പനി തങ്ങളുടെ ജീവനക്കാർക്ക് നൽകിയിരുന്നു. വൻ പ്രശംസയോടും അഭിനന്ദനങ്ങളോടെയുമാണ് സോഷ്യൽ മീഡിയ ലോകം ഈ വാർത്തയെ സ്വീകരിച്ചിരിക്കുന്നത്.