ഉത്തരാഖണ്ഡിൽ നിന്ന് പുറത്തുവന്ന ഒരു കൊച്ചു സംഭവമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ഏറെ ചർച്ച ചെയ്യപ്പെടുന്നത്. വഴിയരികിലൂടെ നടന്നുപോവുകയായിരുന്ന ഒരു യുവാവിന്റെ ദേഹത്ത് കാർ തട്ടിയതിനെ തുടർന്ന്, ഡ്രൈവർ വാഹനം നിർത്തി പുറത്തിറങ്ങി ദേഷ്യപ്പെടുകയല്ല, മറിച്ച് യുവാവിനെ സ്നേഹത്തോടെ കെട്ടിപ്പിടിച്ച് എന്തെങ്കിലും പറ്റിയോയെന്ന് അന്വേഷിക്കുകയാണുണ്ടായത്.
ഈ ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞിരുന്നു. അപകടങ്ങളുണ്ടാകുമ്പോൾ പരസ്പരം വഴക്കിടുകയും കുറ്റപ്പെടുത്തുകയും ചെയ്യുന്ന കാഴ്ചകളാണ് പലപ്പോഴും നാം കാണാറുള്ളത്.
എന്നാൽ ഇതിൽ നിന്നെല്ലാം വ്യത്യസ്തമായി ക്ഷമയും മാനുഷിക മൂല്യങ്ങളും ഉയർത്തിപ്പിടിച്ച ഡ്രൈവറുടെ നടപടി വലിയ രീതിയിലാണ് പ്രശംസിക്കപ്പെടുന്നത്.
ഈ ദൃശ്യങ്ങൾ പങ്കുവെച്ചുകൊണ്ട് ഉത്തരാഖണ്ഡ് പൊലിസും പൊതുജനങ്ങൾക്ക് മികച്ചൊരു റോഡ് സുരക്ഷാ സന്ദേശം നൽകിയിട്ടുണ്ട്. ഇത്തരം സന്ദർഭങ്ങളിൽ അനാവശ്യമായ വാക്കുതർക്കങ്ങൾക്ക് നിൽക്കാതെ, പരസ്പരം സ്നേഹവും സമാധാനവും നിലനിർത്തുക എന്നതാണ് ഏറ്റവും പ്രധാനം എന്ന് ഈ സംഭവം വീണ്ടും ഓർമ്മിപ്പിക്കുന്നു.