കോട്ടയം: ഉള്ളിയുടെയും സവാളയുടെയും വില കേട്ടാല്‍ ശരിക്കും കരയുന്ന അവസ്ഥയായി. ഒരാഴ്ചയ്ക്കിടെ ചുവന്നുള്ളി വിലയില്‍ ഇരട്ടിയിലധികം വര്‍ധനയാണുണ്ടായിരിക്കുന്നത്. സവാള, വെളുത്തുള്ളിവിലയും ഉയരുകയാണ്. ചുവന്നുള്ളിയുടെ വിലയാണ് ശരവേഗത്തില്‍ കുതിക്കുന്നത്.
സെപ്റ്റംബര്‍ മാസത്തില്‍ ഓണക്കാലത്ത് കിലോ 60 -70 രൂപയായിരുന്നത് പലയിടത്തും ഇപ്പോള്‍ 140 -150 രൂപവരെയെത്തി. പലരും 250, 500 ഗ്രാം ചുവന്നുള്ളിയാണു വാങ്ങുന്നത്.അരക്കിലോയ്ക്ക് 75 രൂപവ രെ നല്‍കേണ്ടിവരുന്നു.
സവാളയുടെ വില 25-40 ല്‍നിന്ന് 60-70 രൂപയായി. വെളുത്തുള്ളി കിലോയ്ക്ക് 250- 280 രൂപ വരെ വര്‍ധിച്ചിട്ടുണ്ട്. പൊള്ളാച്ചി മേഖലയില്‍നിന്നാണ് സാധാരണയായി കേരളത്തിലേക്ക് ഉള്ളി എത്തുന്നത്. അവിടെ മഴ ശക്തമാകുകയും വിളവെടുപ്പിനെ ബാധിക്കുകയും ചെയ്തതാണ് തിരിച്ചടിയായത്.
ഓണക്കാലം മുതല്‍തന്നെ ചുവന്നുള്ളിയും സവാളയും മഹാരാഷ്ട്രയില്‍നിന്ന് ആവശ്യത്തിന് എത്തിക്കുമെന്ന് സര്‍ക്കാര്‍ പറഞ്ഞിരുന്നു. ഇത് ഓണക്കാലത്തോടെ അവസാനിച്ച മട്ടാണ്.
സവാളയ്ക്കും ഉള്ളിക്കും പുറമേ ചിലയിനം പച്ചക്കറികള്‍ക്കും വില വര്‍ധിച്ചിട്ടുണ്ട്. കാരറ്റ്, പയര്‍, ബീന്‍സ്,മുരങ്ങിക്ക എന്നിവയുടെ വിലയാണ് വര്‍ധിച്ചത്. ഇതോടെ കുടുംബ ബജറ്റ് താളം തെറ്റുന്ന അവസ്ഥയിലാണ്.
അരിയുടെ വിലയും കുതിക്കുകയാണ്. പൊന്നിയുടെ ചില്ലറ വില കിലോഗ്രാമിന് 86 രൂപയായി. ഒരുമാസത്തിനിടെ 20 രൂപയാണ് വര്‍ധിച്ചത്. വടക്കന്‍ കേരളത്തില്‍ കൂടുതലായി ഉപയോഗിക്കുന്ന മറ്റൊരു അരിയിനമായ കുറുവയ്ക്കും വില വര്‍ധിച്ചിട്ടുണ്ട്. കിലോഗ്രാമിന് 46 രൂപയില്‍ നിന്ന് 55 രൂപയായാണ് കൂടിയത്. ജയ അരിയ്ക്കു 42 രൂപയില്‍ നിന്ന് 50 രൂപയായാണ് വര്‍ധിച്ചത്. ബിരിയാണി അരിക്കും വില കൂടിയതായി കച്ചവടക്കാര്‍ പറയുന്നു.
പഞ്ചസാര വിലയില്‍ അഞ്ചുരൂപയുടെ വര്‍ധനയാണ് ഉണ്ടായത്. കിലോഗ്രാമിന് 60 രൂപയില്‍ നിന്ന് 65 രൂപയായാണ് വര്‍ധിച്ചത്.കരിഞ്ചന്തയും പൂഴ്ത്തിവയ്പും തടയാന്‍ അരിയുടെയും നെല്ലിന്റെയും സ്റ്റോക്ക് ഓരോ ആഴ്ചയും വെളിപ്പെടുത്താന്‍ കേന്ദ്ര ഭക്ഷ്യമന്ത്രാലയം രാജ്യത്തെ വ്യാപാരികളോട് നിര്‍ദേശിച്ചിട്ടുണ്ട്.ആന്ധ്രയിലെയും മഹാരാഷ്ട്രയിലെയും പ്രളയമാണ് പൊന്നി അരിയുടെ വില വര്‍ധനയ്ക്ക് കാരണമെന്നാണ് കച്ചവടക്കാര്‍ പറയുന്നത്.
തുവരപ്പരിപ്പിനു 170 രൂപയും സാധാരണ പരിപ്പിന് 70 രൂപയുമാണ്. രണ്ടാഴ്ചയ്ക്കിടെ രണ്ടു പ്രാവശ്യമായി 12 രൂപ വര്‍ധിച്ച് ഉഴുന്നിന്റെ മൊത്തവില 138 ആയി ഉയര്‍ന്നു. ചില്ലറവില 150 രൂപയാണ്. മുളകിനു 230ല്‍നിന്ന് 360 രൂപയായും മഞ്ഞള്‍ വില 180ല്‍നിന്ന് 300 രൂപയായും ഉയര്‍ന്നു. കടലയ്ക്ക് 10 രൂപ വര്‍ധിച്ചു 95 രൂപയായി.
മുട്ടൻവിലയിൽ മുട്ട
കോട്ടയം: കോഴി, താറാവ് മുട്ടകളുടെ വില കുതിച്ചുയരുന്നു. രണ്ടാഴ്ചയ്ക്കിടെ മുട്ടയ്ക്ക് രണ്ടു മുതല്‍ മൂന്ന് രൂപ വരെയാണ് വര്‍ധിച്ചത്. നിലവില്‍ ഒരു കോഴിമുട്ടയ്ക്ക് 9.50 രൂപയും താറാവ് മുട്ടയ്ക്ക് 18 രൂപവരെയുമാണ് ജില്ലയുടെ വിവിധയിടങ്ങളില്‍ ഈടാക്കുന്നത്. നാടന്‍ കോഴിമുട്ടയ്ക്കു വില 10 രൂപയ്ക്കു മുകളിലാണ്.
വരും ദിവസങ്ങളിലും വില ഉയരാനാണ് സാധ്യതയെന്ന് കച്ചവടക്കാര്‍ പറയുന്നു. രണ്ടാഴ്ച മുമ്പ് കോഴിമുട്ടയ്ക്ക് 7.50 രൂപയും താറാവിനു 15 രൂപയുമായിരുന്നു വില.
ക്രിസ്മസ്, പുതുവത്സര ആഘോഷങ്ങള്‍ മുന്നില്‍ക്കണ്ട് കേക്ക് നിര്‍മാണത്തിനായി വ്യാപകമായി മുട്ട വാങ്ങി സംഭരിക്കുന്നത് വില വര്‍ധനയ്ക്കു കാരണമായിട്ടുണ്ട്.
ഉത്സവ സീസണില്‍ മുട്ടയുടെ ആവശ്യകത ഇനിയും ഉയരാന്‍ സാധ്യതയുള്ളതിനാല്‍ വില കുറയാനുള്ള സാധ്യതയില്ലെന്നാണ് വ്യാപാരികള്‍ വ്യക്തമാക്കുന്നത്. കോഴി, താറാവ് തീറ്റവില വര്‍ധിച്ചതും മുട്ടവില ഉയരാന്‍ കാരണമായിട്ടുണ്ട്.
ഹോട്ടല്‍ മേഖലയും പ്രതിസന്ധിയില്‍
നിത്യോപയോഗ സാധനങ്ങളുടെയും ആവശ്യ വസ്തുക്കളുടെയും വിലവര്‍ധനയില്‍ ഹോട്ടല്‍, ബേക്കറി മേഖലയും ചെറുകിട വ്യാപാരികളും പ്രതിസന്ധിയിലായി. പാചക വാതക വില വര്‍ധിച്ചതിനു പിന്നാലെ ഹോട്ടലുകളിലും ബേക്കറികളിലും കൂടുതലായി ഉപയോഗിക്കുന്ന സവാള, മുട്ട, പഞ്ചസാര, എന്നിവയുടെ വിലയിലുണ്ടായ കുതിച്ചുചാട്ടമാണ് മേഖലയ്ക്കു വലിയ ബുദ്ധിമുട്ടുണ്ടാക്കുന്നത്.
ബേക്കറികളില്‍ നിര്‍മിക്കുന്ന ഒട്ടുമിക്ക പലഹാരങ്ങള്‍ക്കും മുട്ടയും പഞ്ചസാരയും ധാരാളമായി ആവശ്യമുണ്ട്. മുട്ടയുടെയും സവാളയുടെയും വില ഉയരുന്നതു സാധാരണക്കാരുടെ ആശ്രയമായ തട്ടുകടകള്‍ക്കും തിരിച്ചടിയാണ്.
അതേസമയം പാചകവാതകത്തിനും അവശ്യ വസ്തുക്കള്‍ക്കും വില കുത്തനെ കൂടിയെങ്കിലും ഭക്ഷണസാധനങ്ങളുടെ വില ആനുപാതികമായി വര്‍ധിപ്പിക്കാന്‍ കഴിയില്ലെന്ന നിലപാടിലാണ് ഹോട്ടല്‍, ബേക്കറി ഉടമകള്‍. ഇടയ്ക്കിടെ ഭക്ഷണവില വര്‍ധിപ്പിക്കുന്നത് ഉപഭോക്താക്കള്‍ കുറയാന്‍ ഇടയാക്കുമെന്ന ഭയമാണ് ഇവരെ പിന്നോട്ടുവലിക്കുന്നത്.
ഹോട്ടല്‍ മേഖലയെ സംരക്ഷിക്കാന്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് അടിയന്തര ഇടപെടല്‍ ഉണ്ടാകണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്.