പെരിയ: ജോലിയില്‍നിന്ന് പിരിച്ചുവിട്ടതിനെതരേ പരാതിയുമായി കേന്ദ്ര സര്‍വകലാശാലയിലെ കിച്ചൺ ഹെല്‍പ്പർ.
രൂപേഷ് വേണുവാണ് വൈസ് ചാന്‍സലര്‍ പ്രഫ. സിദ്ദു പി. അല്ഗൂറിനെതിരേ താലൂക്ക് ലീഗല്‍ സര്‍വീസ് അഥോറിറ്റിക്ക് പരാതി നല്‍കിയത്. സാമ്പാറിനു രുചിയില്ലെന്നാരോപിച്ചാണ് തന്നെ പുറത്താക്കിയതെന്നും താത്കാലിക ജീവനക്കാരനെ പുറത്താക്കുമ്പോള്‍ പാലിക്കേണ്ട നോട്ടീസ് ഉള്‍പ്പെടെയുള്ള മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് വൈസ് ചാന്‍സലറുടെ നടപടിയെന്നുമാണ് പ്രധാന ആരോപണം.
ഭക്ഷണം പാകം ചെയ്ത മറ്റു ജീവനക്കാര്‍ക്കെതിരേ നടപടിയെടുക്കാതെ, ദളിത് വിഭാഗക്കാരനായ തനിക്കെതിരേ മാത്രം നടപടി സ്വീകരിച്ചത് ജാതിവിവേചനം മൂലമാണെന്നും പറയുന്നു. വൈസ് ചാന്‍സലര്‍ക്കുള്ള ഭക്ഷണം പാകം ചെയ്യുന്നവരില്‍ ദളിത് വിഭാഗക്കാര്‍ വേണ്ടെന്ന നിലപാടാണ് നടപടിക്കു പിന്നിലെന്നും രൂപേഷ് ആരോപിച്ചു.
2021ലാണ് താന്‍ ജോലിയില്‍ പ്രവേശിച്ചത്. ഒക്ടോബര്‍ 13ന് കുക്ക് തയാറാക്കി വച്ച ഭക്ഷണം വൈസ് ചാന്‍സലര്‍ക്ക് നല്‍കിയിരുന്നു. പിറ്റേന്ന് ഓഫീസില്‍നിന്ന് വിളിച്ച് ഭക്ഷണം മോശമായതുകൊണ്ട് പിരിച്ചുവിടുകയാണെന്ന് അറിയിക്കുകയായിരുന്നു.
ആദ്യം രണ്ടുദിവസം മാറിനില്‍ക്കാനാണ് ആവശ്യപ്പെട്ടത്. എന്നാല്‍, പിന്നീട് ഫോണില്‍ വിളിക്കുമ്പോള്‍ തീരുമാനമൊന്നും ആയില്ലെന്ന മറുപടിയാണ് ലഭിച്ചത്. ഇപ്പോള്‍ ജോലിയും ശമ്പളവുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ആരോപണങ്ങള്‍ നിഷേധിച്ച് കേന്ദ്ര സര്‍വകലാശാലാ അധികൃതര്‍
സംഭവത്തിൽ രൂപേഷിന്റെ ആരോപണങ്ങള്‍ കേന്ദ്ര സര്‍വകലാശാലാ അധികൃതര്‍ നിഷേധിച്ചു. സംഭവദിവസം ഉച്ചയ്ക്കത്തേക്ക് തയാറാക്കിയ ഭക്ഷണം ഗുണനിലവാരം പരിശോധിക്കാതെ വൈകുന്നേരം അദ്ദേഹം വിതരണം ചെയ്തു. ഈ ഭക്ഷണം പഴകിയിരുന്നു. ഇതിന് മുന്‍പും നിരവധി തവണ സമാന വീഴ്ചകള്‍ സംഭവിക്കുകയും താക്കീത് നല്‍കുകയും ചെയ്തിരുന്നു.
നിരന്തരമായ കൃത്യവിലോപം കണക്കിലെടുത്ത് നീലഗിരി ഗസ്റ്റ് ഹൗസ് മാനേജരോട് നിയമനം പുനഃപരിശോധിക്കാന്‍ വൈസ് ചാന്‍സലര്‍ നിര്‍ദേശിച്ചു. പൂര്‍ണമായും പ്രഫഷണല്‍ കാരണങ്ങളാല്‍ കൈക്കൊണ്ട നടപടിയാണിത്. ഇതിന് വ്യക്തിയുടെ സാമൂഹിക പശ്ചാത്തലവുമായി യാതൊരു ബന്ധവുമില്ലെന്നും അധികൃതര്‍ അറിയിച്ചു.