Thu, 20 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : KochettansLetter

കൊച്ചേട്ടന്‍റെ കത്ത് - പാ​റ്റ ന​ക്കി​യ ഭാ​ര​തം

പ്രി​യ ഡി​സി​എ​ൽ കൂ​ട്ടു​കാ​രേ,

"ആ​പ്കി ഭീ ​ബേ​ട്ടി ഹെ് ​ന?
ഹം ​ഭീ ആ​പ് കേ ​ബ​ച്ചോ​ൻ ജൈ​സി ഹൈ!''

​ലോ​ക​ത്തി​ലെ ഏ​റ്റ​വും വ​ലി​യ ജ​നാ​ധി​പ​ത്യ രാ​ജ്യ​ങ്ങ​ളി​ൽ ഒ​ന്നാ​യ ഭാ​ര​ത​ത്തി​ന്‍റെ മ​ഹ​ത്താ​യ സ്വാ​ത​ന്ത്ര്യ​ദി​ന​ത്തി​ന്‍റെ 80-ാം വാ​ർ​ഷി​ക​ത്തി​ന്‍റെ പു​ല​രി​യി​ലൊ​ന്നി​ൽ ഡ​ൽ​ഹി​യി​ലെ ജ​ന്ത​ർ​മ​ന്ത​റി​ൽ​ ഒ​രു പെ​ൺ​കു​ട്ടി​യു​ടെ ദീ​ന​വി​ലാ​പം മു​ഴ​ങ്ങു​ക​യാ​ണ്. ""നി​ങ്ങ​ൾ​ക്കും പെ​ൺ​മ​ക്ക​ൾ ഉ​ള്ള​ത​ല്ലേ? എ​ന്നി​ട്ടെ​ന്തേ, എ​ന്നോ​ട് ഇ​ങ്ങ​നെ പെ​രു​മാ​റു​ന്നു? ഞ​ങ്ങ​ളും നി​ങ്ങ​ളു​ടെ മ​ക്ക​ളെ​പ്പോ​ലെ​ത​ന്നെ​യ​ല്ലേ?'' ഞ​ങ്ങ​ൾ ക​ഷ്ട​പ്പെ​ട്ട് പ​ഠി​ച്ച് പ​രീ​ക്ഷ​യെ​ഴു​തി​യ നീ​റ്റ് പ​രീ​ക്ഷ​യു​ടെ റി​സ​ൾ​ട്ട് എ​വി​ടെ എ​ന്നു ചോ​ദി​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ളെ ക്രൂ​ര​മാ​യി ലാ​ത്തി​വീ​ശി പൊ​തി​രെ ത​ല്ലി​ച്ച​ത​യ്ക്കു​ന്ന ഒ​രു വ​നി​താ പോ​ലീ​സി​നോ​ട് ഇ​രു​കൈ​ക​ളും കൂ​പ്പി​നി​ന്ന് ഒ​രു പെ​ൺ​കു​ട്ടി ചോ​ദി​ക്കു​ന്ന നി​ല​വി​ളി​യാ​ണി​ത്!

എ​ട്ടു​പ​തി​റ്റാ​ണ്ടി​ന്‍റെ സ്വാ​ത​ന്ത്ര്യാ​ഘോ​ഷ​ത്തി​ൽ സ്വ​ത​ന്ത്ര ഇ​ന്ത്യ​യി​ലെ പു​തു​ത​ല​മു​റ​യ്ക്ക് എ​ട്ടി​ന്‍റെ പ​ണി​കൊ​ടു​ത്ത കേ​ന്ദ്ര​സ​ർ​ക്കാ​രി​ന്‍റെ കൊ​ല​ച്ച​തി​ക്കെ​തി​രേ കോ​ക്രോ​ച്ച് ജ​ന​താ​പാ​ർ​ട്ടി എ​ന്ന സി​ജെ​പി പാ​റ്റ​ക​ൾ ത​ല​സ്ഥാ​ന​ന​ഗ​രി​യെ​യും കേ​ന്ദ്ര​സ​ർ​ക്കാ​രി​നെ​യും ന​ക്കി​ത്തി​ന്നു​ന്ന കാ​ഴ്ച​ക​ണ്ട് ലോ​കം ത​രി​ച്ചു​നി​ൽ​ക്കു​ക​യാ​ണ്.

79 വ​ർ​ഷ​ങ്ങ​ൾ​ക്കു മു​ന്പ് ബ്രി​ട്ടീ​ഷ് ആ​ധി​പ​ത്യ​ത്തെ ത​ക​ർ​ത്തെ​റി​ഞ്ഞ പൂ​ർ​വ​ര​ക്ത​സാ​ക്ഷി​ക​ളു​ടെ ര​ക്ത​ത്തു​ള്ളി​ക​ൾ ഞ​ര​ന്പി​ലോ​ടു​ന്ന ന​വീ​ന ഇ​ന്ത്യ​യു​ടെ പു​തു​ത​ല​മു​റ, പു​തി​യ സ്വാ​ത​ന്ത്ര്യ​സ​മ​രം ആ​രം​ഭി​ച്ച​തി​ന്‍റെ ശം​ഖൊ​ലി മു​ഴ​ങ്ങു​ന്പോ​ഴാ​ണ്, നാ​ളെ ഡ​ൽ​ഹി​യി​ലെ റെ​ഡ്ഫോ​ർ​ട്ടി​ൽ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി​ജി സ്വാ​ത​ന്ത്ര്യ​ദി​ന പ​താ​ക ഉ​യ​ർ​ത്തു​ന്ന​ത്!

ലോ​ക​ത്തി​ലെ ആ​ദ്യ അ​ഞ്ച് സാ​ന്പ​ത്തി​ക ശ​ക്തി​ക​ളി​ലൊ​ന്നാ​യി വ​ള​ർ​ന്ന ഇ​ന്ത്യ ജ​ന​സം​ഖ്യ​യി​ൽ ലോ​ക​ത്ത് ഒ​ന്നാ​മ​തെ​ത്തി, ഏ​റ്റ​വു​മ​ധി​കം മാ​ന​വ വി​ഭ​വ​ശേ​ഷി​യു​ള്ള രാ​ജ്യ​മാ​യി. അ​ന്യ​ഗ്ര​ഹ​ങ്ങ​ളി​ൽ കാ​ലു​കു​ത്തി​യും ഉ​പ​ഗ്ര​ഹ​ങ്ങ​ൾ വി​ക്ഷേ​പി​ച്ചും ശാ​സ്ത്ര​സാ​ങ്കേ​തി​ക മേ​ഖ​ല​ക​ളി​ൽ ലോ​കോ​ത്ത​ര നേ​ട്ട​ങ്ങ​ൾ നാം ​കൈ​വ​രി​ച്ചു. കാ​ർ​ഷി​ക വ്യ​വ​സാ​യ മേ​ഖ​ല​ക​ളി​ലും ഇ​ന്ത്യ ഒ​ന്നാം നി​ര​യി​ലെ​ത്തി. എ​ൺ​പ​താം​വ​ർ​ഷ​ത്തി​ലും ഭ​ര​ണ​ഘ​ട​ന​യ്ക്ക​നു​സൃ​ത​മാ​യി രാ​ജ്യം​ഭ​രി​ക്കു​ന്ന ഒ​രു ജ​നാ​ധി​പ​ത്യ​സ​ർ​ക്കാ​ർ ന​മു​ക്കു​ണ്ട് എ​ന്ന​തും ന​മ്മു​ടെ ബ​ഹു​മ​തി​യാ​ണ്.

വൈ​വി​ധ്യ​ങ്ങ​ളു​ടെ ക​ല​വ​റ​യാ​യ ഭാ​ര​തം നാ​നാ​ത്വ​ത്തി​ൽ ഏ​ക​ത്വം എ​ന്ന ത​ത്വ​മാ​ണ് പ്രാ​യോ​ഗി​ക​മാ​ക്കു​ന്ന​ത്. 1369 മാ​തൃ​ഭാ​ഷ​ക​ളു​ള്ള ഈ ​മ​ഹാ​രാ​ജ്യ​ത്ത് 450ലേ​റെ സം​സാ​ര​ഭാ​ഷ​ക​ളു​മു​ണ്ട്. ഇ​ന്ത്യ​യെ​പ്പോ​ലെ വി​ഭി​ന്ന മ​ത​വി​ശ്വാ​സി​ക​ൾ ലോ​ക​ത്തൊ​രി​ട​ത്തു​മു​ണ്ടാ​വി​ല്ല. ഹി​ന്ദു, മു​സ്ലിം, ക്രി​സ്ത്യ​ൻ, സി​ക്ക്, ബു​ദ്ധ, ജൈ​ന, പാ​ഴ്സി, യ​ഹൂ​ദ, ബ​ഹാ​യി മ​ത​സ​മൂ​ഹ​ങ്ങ​ൾ ഇ​ന്ത്യ​യി​ലു​ണ്ട്.

ചാ​തു​ർ​വ​ർ​ണ്യ​ത്തി​ന്‍റെ പു​രാ​വൃ​ത്തം ഇ​പ്പോ​ഴും നി​ല​നി​ൽ​ക്കു​ന്ന ഉ​ത്ത​രേ​ന്ത്യ​ൻ ഉ​ൾ​നാ​ടു​ക​ളി​ലും മ​റ്റു സം​സ്ഥാ​ന​ങ്ങ​ളി​ലു​മാ​യി 3500-ഓളം ജാ​തി​ക​ളും ഉ​പ​ജാ​തി​ക​ളു​മു​ണ്ട്. പ​ട്ടി​ക​വി​ഭാ​ഗ​ത്തി​ൽ​ത്ത​ന്നെ 1100-ലേ​റെ ജാ​തി​ക​ൾ നി​ല​വി​ലു​ള്ള​പ്പോ​ൾ ഒ.​ബി.​സി. വി​ഭാ​ഗ​ത്തി​ൽ 2400-ലേ​റെ വിഭാഗങ്ങ​ളാ​ണു​ള്ള​ത്. കൂ​ടാ​തെ 705 ഗോ​ത്ര​വി​ഭാ​ഗ​ങ്ങ​ളു​ടെ കൂ​ട്ടാ​യ്മ​യും ഇ​ന്ത്യ​ൻ മ​ത​സം​സ്കാ​ര​ത്തെ സ​ന്പ​ന്ന​മാ​ക്കു​ന്നു​ണ്ട്. ഇ​തു​പോ​ലെ​ത​ന്നെ വി​വി​ധ രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ൾ ദേ​ശീ​യ​ത​ല​ത്തി​ലും വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ലും ജ​നാ​ധി​പ​ത്യ ഇ​ന്ത്യ​യു​ടെ അ​ടി​ത്ത​റ പ​ണി​യു​ന്നു​ണ്ട്.

വാ​ർ​ത്താ​മാ​ധ്യ​മ​ങ്ങ​ളു​ടെ കാ​ര്യ​ത്തി​ലും ഇ​ന്ത്യ സ​ന്പ​ന്ന​മാ​ണ്. 1,55,000 പ്ര​സി​ദ്ധീ​ക​ര​ണ​ങ്ങ​ൾ ഇ​ന്ത്യ​യി​ൽ ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ണ്ട്. 20 ഭാ​ഷ​ക​ളി​ൽ ദി​ന​പ​ത്ര​ങ്ങ​ൾ പ്ര​സി​ദ്ധീ​ക​രി​ക്കു​ന്ന രാ​ജ്യ​മാ​ണ് ഇ​ന്ത്യ. 918 സ്വ​കാ​ര്യ​ചാ​ന​ലു​ക​ൾ വാ​ർ​ത്താ​വി​ത​ര​ണ മ​ന്ത്രാ​ല​യ​ത്തി​ന്‍റെ കീ​ഴി​ൽ ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ള്ള ഈ ​രാ​ജ്യ​ത്ത് ദൂ​ര​ദ​ർ​ശ​ൻ ചാ​ന​ലി​നോ​ടൊ​പ്പം അ​ൻ​പ​തി​ലേ​റെ ദേ​ശീ​യ, പ്രാ​ദേ​ശി​ക ടി.​വി. ചാ​ന​ലു​ക​ളും ഇ​ന്ത്യ​യി​ലു​ണ്ട്.

ഇ​തെ​ല്ലാം ന​മ്മു​ടെ നേ​ട്ട​ങ്ങ​ളാ​ണ്. ഈ ​നേ​ട്ട​ങ്ങ​ൾ​ക്കി​ട​യി​ലും അ​ടി​സ്ഥാ​ന മ​നു​ഷ്യാ​വ​കാ​ശ​ത്തി​നും സ്വാ​ത​ന്ത്ര്യ​ത്തി​നും​വേ​ണ്ടി, പു​തു​ത​ല​മു​റ​പോ​ലും സ​മ​രം ചെ​യ്യേ​ണ്ട ഗ​തി​കേ​ട് ഇ​ന്ത്യ​യി​ലു​ണ്ട്. വ​ർ​ഗീ​യ​ല​ഹ​ള​ക​ളും രാ​ഷ്ട്രീ​യ ക​ലാ​പ​ങ്ങ​ളും ജ​ന​ജീ​വി​ത​ത്തി​ന്‍റെ സ്വാ​സ്ഥ്യം കെ​ടു​ത്തു​ന്നു​ണ്ട്. എ​ങ്കി​ലും സ്വ​ത​ന്ത്ര ഇ​ന്ത്യ ന​മ്മു​ടെ അ​ഭി​മാ​ന​മാ​ണ്. എ​ല്ലാ ഭാ​ര​തീ​യ​രും ന​മ്മു​ടെ സ​ഹോ​ദ​ര​ങ്ങ​ളാ​ണ്. പ​ര​സ്പ​രം കൈ​കോ​ർ​ത്ത്, ഭി​ന്ന​ത​ക​ൾ മ​റ​ന്ന്, ന​വ​ഭാ​ര​ത​നി​ർ​മ്മി​തി​യി​ൽ ന​മു​ക്കും പ​ങ്കു​ചേ​രാം, ജാ​ഗ്ര​ത​യോ​ടെ​ത​ന്നെ!

ഏ​വ​ർ​ക്കും സ്വാ​ത​ന്ത്ര്യ​ദി​നാ​ശം​സ​ക​ളോ​ടെ,

സ്വ​ന്തം കൊച്ചേട്ടൻ

Latest News

Corehub Up