കൊച്ചേട്ടന്റെ കത്ത്
പ്രിയ ഡിസിഎൽ കൂട്ടുകാരേ,
ആലുവായിൽ, അയൽപക്കത്തുള്ള തന്റെ കൂട്ടുകാരിയുടെ വീട്ടിൽനിന്ന് പുസ്തകം വാങ്ങാനാണ് 12 വയസുകാരിയായ ആ മകൾ അമ്മയോട് ഫോണുംവാങ്ങി രാത്രി 8.30 കഴിഞ്ഞപ്പോൾ ഒറ്റയ്ക്കു വീടിനു പുറത്തിറങ്ങിയത്. എന്നാൽ അവൾ കൂട്ടുകാരിയുടെ വീട്ടിലും എത്തിയില്ല, അമ്മയുടെ അരികിലും എത്തിയില്ല. ആധികയറിയ അമ്മ, വിവരം പോലീസിൽ അറിയിക്കുന്നു. സമർത്ഥരായ ആലുവ പോലീസ് കേസ് അന്വേഷിക്കുന്നു. കുട്ടിയുടെ കൈയിലുള്ള അമ്മയുടെ ഫോൺ ലൊക്കേഷൻ നോക്കിയപ്പോൾ സ്ഥലം കാസർഗോഡ്!
ഒറ്റയ്ക്ക് കുട്ടി ആ സമയംകൊണ്ട് കാസർഗോഡ് എത്തില്ല എന്നറിയാവുന്ന പോലീസിനോട് അമ്മ പറഞ്ഞു: കൊച്ചിന് ഇൻസ്റ്റഗ്രാം അക്കൗണ്ട് ഉണ്ട്! പന്ത്രണ്ടു വയസുകാരിയുടെ ഇൻസ്റ്റഗ്രാം പരിശോധിച്ച പോലീസ് ഞെട്ടി! ചെറായി ബീച്ചിൽ ഐസ്ക്രീം കച്ചവടം നടത്തുന്ന 26 വയസുള്ള കൊല്ലംകാരനുമായി പന്ത്രണ്ടുകാരിയുടെ ചാറ്റിംഗ് കണ്ട പോലീസുപോലും അന്തംവിട്ടു!
ജാഗ്രതയോടെ കുട്ടിയെ കണ്ടെത്താൻ ആലുവപോലീസ് സ്വന്തം വാഹനത്തിൽ യാത്രയാരംഭിച്ചു!
ആലുവ, കാസർഗോഡ്, മംഗലാപുരം, ഗോവ വഴി മുംബൈയിലെ ധാരാവിയിൽ! അവിടെനിന്നും ഡൽഹിക്കുപോകുംവഴി പൂനെ റെയിൽവേസ്റ്റേഷനിൽവച്ച്, കൊച്ചിനേയും ബെസ്റ്റിയേയും പോലീസ് പൊക്കി! കൊച്ചിന്റെ ഇൻസ്റ്റയിലെ ബെസ്റ്റിക്ക് പോക്സോകേസിൽ അറസ്റ്റും റിമാൻഡും!
ബാലതലമുറയുടെ സുരക്ഷിതത്വത്തെപ്പറ്റി സുബോധത്തോടെ ചിന്തിക്കുന്ന പല വിദേശരാജ്യങ്ങളും 16 വയസിനു താഴെയുള്ള കുട്ടികൾക്ക് സോഷ്യൽമീഡിയ നിരോധിച്ചുകഴിഞ്ഞു. ഓസ്ട്രേലിയ, ബ്രസീൽ, യു.കെ., ഇന്തോനേഷ്യ, മലേഷ്യ തുടങ്ങിയ രാജ്യങ്ങൾ 2025 മുതൽ കുട്ടികളുടെ ഓൺലൈൻ ഉപയോഗം, സ്ക്രീൻ ടൈം, സോഷ്യൽ മീഡിയ അക്കൗണ്ടുകൾ എന്നിവ പരിശോധിക്കുകയും നിരോധിക്കുകയും ചെയ്തുകഴിഞ്ഞു!
ആ രാജ്യങ്ങളെല്ലാം ബുദ്ധിവികാസം പ്രാപിക്കാത്തവരാണോ? ശാസ്ത്രീയ പുരോഗതിയെ അംഗീകരിക്കാത്തവരാണോ? അല്ല! പുരോഗതിയുടെയും വികസനത്തിന്റെയും ഒന്നാംനിരയിലുള്ള രാജ്യങ്ങളാണ് കുട്ടികൾക്ക് സോഷ്യൽമീഡിയ നിരോധിച്ചത്.
പ്രിയ കൂട്ടുകാരേ, ഈയടുത്ത കാലത്തെ ചില കൂട്ടുകാരുടെ സ്വഭാവവും പെരുമാറ്റവും മാതാപിതാക്കളെയും മുതിർന്നവരെയും ഏറെ ആകുലചിത്തരാക്കുന്നുണ്ട്. ആരാണ് എന്റെ യഥാർത്ഥ കൂട്ടുകാർ എന്ന സത്യം വീട്ടിൽ പറയാത്ത കുട്ടികളുടെ എണ്ണം കൂടുകയാണ്. പല കുട്ടികൾക്കും അവരുടെ പെരുമാറ്റത്തെയും ശീലങ്ങളേയും തീരുമാനങ്ങളെയും സ്വാധീനിക്കുന്നത് അവരുടെ മാതാപിതാക്കളല്ല, മതബോധം പകരുന്ന ധാർമ്മികതയല്ല, പകരം, അവരുടെ പിയർഗ്രൂപ്പാണ്. സമപ്രായക്കാരായ കൂട്ടുകാരാണ് പല കുട്ടികളുടെയും ദൈവങ്ങൾ!
മുന്പ് മാതാപിതാക്കൾ പറയുന്നത്, ദൈവം പറയുന്നപോലെ മക്കൾ കേട്ടിരുന്നു. ഇന്നു പിയർഗ്രൂപ്പാണ് പലരുടെയും ദൈവം! സോഷ്യൽമീഡിയയാണ് ദൈവം! ഇതുവരെ കാണാത്ത, വെറും മോഹവാക്കുകൾ മാത്രം ഇൻസ്റ്റയിൽ കുറിക്കുന്ന അജ്ഞാതനായ സുഹൃത്താണ് ദൈവം! മക്കളേ, കൺമുന്നിൽ കാണുന്ന മാതാപിതാക്കളെയും സഹോദരങ്ങളെയും ഗുരുഭൂതരെയും അവഗണിച്ചിട്ട്, മറഞ്ഞിരിക്കുന്ന വ്യാജസ്നേഹിതരെ വിശ്വസിച്ചാൽ മക്കൾക്കു വഴിതെറ്റും എന്നു തീർച്ച.
ചെറുപ്പം ചെറുപ്പംതന്നെയാണ് മക്കളേ. ചെറുപ്പം ഒരിക്കലും വലുപ്പമാകില്ല. മാതാപിതാക്കൾ നിങ്ങളെ നിങ്ങളാഗ്രഹിക്കുന്നപോലെ, വളർത്തണോ? അതോ, നിങ്ങളുടെ നന്മയ്ക്കായി വളർത്തണോ? അവരുടെ ജീവിതപാഠങ്ങൾക്ക് ഒരു വിലയുമില്ലേ? തഴച്ചു വളരുന്ന പല ചില്ലകളും പിഴച്ചു വളരുന്നതാണെന്ന് നല്ല കർഷകന് അറിയാം.
നല്ല കർഷകൻ ചില്ലകളുടെ ചൊല്ലുകൾക്കനുസരിച്ചല്ല പ്രവർത്തിക്കേണ്ടത്. ഫലം കായ്ക്കാത്ത ചില്ലകൾ വെട്ടിദൂരെയെറിയണം. അതുപോലെ, മക്കളുടെ പല ചീത്ത ശീലങ്ങളും ഉപേക്ഷിക്കാൻ മാതാപിതാക്കൾ പറയുന്പോൾ, മക്കൾ അവ ഉപേക്ഷിക്കണം. അല്ലാതെ, പലപ്പോഴും പിയർഗ്രൂപ്പിന്റെ കൈയടിനോക്കി, കുടുംബത്തെ മറക്കുന്നവർ, വ്യാജന്മാരുടെ പിന്നാലെ പോയി നിത്യമായ ചതിക്കുഴിയിൽ നിപതിക്കും! കൂട്ടുകാർക്ക് ശരിയായ വഴിയിൽ വളരാനും കുടുംബത്തിന്റെ ഐശ്വര്യമാകാനും ഇടവരട്ടെ.
സ്നേഹാശംസകളോടെ,
സ്വന്തം കൊച്ചേട്ടൻ