കൊച്ചി: കേരള ക്രിക്കറ്റ് ലീഗിന്റെ മൂന്നാം സീസണില്‍ നിലവിലെ ചാമ്പ്യന്മാരായ കൊച്ചി ബ്ലൂ ടൈഗേഴ്സിന്റെ ക്യാപ്റ്റനെയും വൈസ് ക്യാപ്റ്റനെയും പ്രഖ്യാപിച്ചു. ക്രിക്കറ്റ് ഇതിഹാസതാരവും ടീം സഹഉടമയുമായ ക്രിസ് ഗെയിലാണ് ക്യാപ്റ്റനെ പ്രഖ്യാപിച്ചത്.
സലി സാംസണാണ് മൂന്നാം സീസണില്‍ കൊച്ചിയെ നയിക്കുന്നത്. ഇന്ത്യന്‍താരം സഞ്ജു സാംസണിന്റെ സഹോദരനായ സലി സാംസണ് ഇതു രണ്ടാം തവണയാണ് ബ്ലൂ ടൈഗേഴ്സിന്റെ ക്യാപ്റ്റന്‍ കുപ്പായമണിയുന്നത്.
ആദ്യസീസണില്‍ ടീമിനെ നയിച്ച പേസ് ബൗളര്‍ ബേസില്‍ തമ്പിയാണ് വൈസ് ക്യാപ്റ്റന്‍. ടീം ഉടമ സുഭാഷ് മാനുവലിനൊപ്പം ലണ്ടനില്‍വച്ചാണ് ക്രിസ് ഗെയില്‍ ബ്ലൂ ടൈഗേഴ്സിന്റെ നേതൃനിരയെ പ്രഖ്യാപിച്ചത്.
കഴിഞ്ഞ സീസണില്‍ കൊച്ചിയെ കിരീടത്തിലേക്കു നയിച്ച സലി സാംസണിന്റെ നേതൃപാടവവും ബേസില്‍ തമ്പിയുടെ അനുഭവസമ്പത്തും ടീമിന് ഗുണകരമാകുമെന്നാണ് മാനേജ്മെന്റിന്റെ വിലയിരുത്തല്‍. “വണ്‍സ് എ ബ്ലൂടൈഗേഴ്സ്, ഓള്‍വെയ്സ് എ ബ്ലൂ ടൈഗേഴ്സ് ’’ എന്ന പുതിയ ടീം സ്ലോഗനും ഗെയ്ൽ അവതരിപ്പിച്ചു. ടീമിന്റെ ഔദ്യോഗിക സോഷ്യല്‍ മീഡിയ പേജുകളിലൂടെയാണ് ക്രിസ് ഗെയില്‍ പ്രഖ്യാപനം നടത്തിയത്.