മങ്കൊന്പ്: നെല്ലിന്റെ സംഭരണവില കിലോഗ്രാമിന് ഒരു രൂപ വർദ്ധിപ്പിച്ച് 31 രൂപയാക്കിയ സംസ്ഥാന സർക്കാർ നടപടിയെ സ്വാഗതം ചെയ്യുന്നതായി കൊടിക്കുന്നിൽ സുരേഷ് എംപി. വർധിപ്പിച്ച ഒരു രൂപയിൽ 72 പൈസ കേന്ദ്രസർക്കാരിന്റെ വിഹിതവും 28 പൈസ സംസ്ഥാന സർക്കാരിന്റെ വിഹിതവുമാണ്. നെല്ലിന്റെ സംഭരണവില 31 രൂപയായി ഉയർത്തിയ നടപടി സ്വാഗതം ചെയ്യുന്പോഴും വർധിച്ചുവരുന്ന കൃഷിച്ചെലവും കർഷകർ നേരിടുന്ന സാന്പത്തിക പ്രതിസന്ധിയും കണക്കിലെടുക്കുന്പോൾ കിലോഗ്രാമിന് 35 രൂപയാണ് നെൽകർഷകർക്ക് ലഭിക്കേണ്ട ന്യായമായ വില.
അതിനാൽ നെല്ലിന്റെ സംഭരണവില അടിയന്തരമായി 35 രൂപയായി വർധിപ്പിക്കാൻ സംസ്ഥാന സർക്കാർ തയാറാകണം. രാജ്യത്തെ ഏറ്റവും ഉയർന്ന നെല്ലുവില കേരളത്തിലാണ് നല്കുന്നതെന്ന എൽഡിഎഫ് മന്ത്രിമാരുടെ അവകാശവാദം യാഥാർഥ്യങ്ങളെ മറച്ചുവയ്ക്കുന്നതാണ്. മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിൽ നെൽകൃഷിയുടെ ഉത്പാദനചെലവ് ഏകദേശം ഇരട്ടിയാണന്ന വസ്തുത പരിഗണിക്കാതെയാണ് ഇത്തരം അവകാശവാദങ്ങൾ അവര് ഉയർത്തിയിരുന്നത്.
ഉയർന്ന കൃഷിച്ചെലവിന്റെ പശ്ചാത്തലത്തിൽ കേരളത്തിലെ കർഷകർക്ക് ലഭിക്കുന്ന വില മറ്റ് സംസ്ഥാനങ്ങളിലെ വിലയുമായി താരതമ്യം ചെയ്യുന്നത് യുക്തിസഹമല്ലെന്നും എംപി ചൂണ്ടിക്കാട്ടി. നെൽകർഷകരുടെ അധ്വാനത്തിനും ഉത്പാദനത്തിനും അർഹമായ പരിഗണന നല്കി, സംഭരണവില 35 രൂപയായി ഉയർത്തുന്നതിനും സംഭരണത്തിലും വില നല്കുന്നതിലുമുള്ള കാലതാമസം ഒഴിവാക്കുന്നതിനും സംസ്ഥാന സർക്കാർ അടിയന്തര നടപടി സ്വീകരിക്കണം. കഴിഞ്ഞ അഞ്ചുവർഷത്തിനിടെ കേന്ദ്രസർക്കാർ വിവിധ ഘട്ടങ്ങളിലായി വർധിപ്പിച്ച കേന്ദ്ര വിഹിതത്തിൽ നിന്ന് 5.01 രൂപ മുൻ സംസ്ഥാന സർക്കാർ വെട്ടിക്കുറച്ചുകൊണ്ട് നെൽകർഷകർക്ക് അർഹമായ ആനുകൂല്യം നിഷേധിക്കുകയായിരുന്നുവെന്ന് എംപി ആരോപിച്ചു.