തിരുവനന്തപുരം: കെപിസിസിക്കു ഫുള്‍ ടൈം അധ്യക്ഷന്‍ വേണമെന്ന നിബന്ധനയോടു കടുത്ത നീരസവുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കൊടിക്കുന്നില്‍ സുരേഷ് എംപി. ഫുള്‍ ടൈം അധ്യക്ഷന്‍ വേണമെന്ന കാര്യത്തില്‍ പാര്‍ട്ടി വ്യക്തത വരുത്തിയിട്ടില്ല.
ഇന്ത്യയില്‍ ഒരിടത്തെയും പിസിസി പ്രസിഡന്റുമാരുടെ കാര്യത്തില്‍ ഇങ്ങനെ വ്യവസ്ഥയില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ദേശീയ നേതൃത്വം ഒരു വ്യവസ്ഥയും വച്ചിട്ടില്ല. പാര്‍്ട്ടി നിലപാട് എന്താണെന്ന് തനിക്കറിയില്ല. കാര്യങ്ങള്‍ വ്യക്തമായി അറിയാവുന്നവര്‍ തെറ്റിദ്ധാരണയും ആശയകുഴപ്പവും ഉണ്ടാക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ഇതിന് മുന്‍പ് പലപ്രാവശ്യവും എംപിമാരും എംഎല്‍എമാരും ആയവര്‍ കെപിസിസി പ്രസിഡന്റായി പ്രവര്‍ത്തിച്ചിട്ടുണ്ട്. ഫുള്‍ ടൈം അധ്യക്ഷന്‍ വേണമെന്ന ചില നേതാക്കളുടെ നിര്‍ദേശത്തോടു കടുത്ത നീരസമാണ് കൊടിക്കുന്നില്‍ പ്രകടിപ്പിച്ചിരിക്കുന്നത്. പുതിയ കെപിസിസി പ്രസിഡന്റ് സ്ഥാനം ആഗ്രഹിക്കുന്ന നേതാക്കളില്‍ ഒരാളാണ് കൊടിക്കുന്നില്‍ സുരേഷ്. ദളിത് പ്രാതിനിധ്യം കെപിസിസി പ്രസിഡന്റിന്റെ കാര്യത്തില്‍ പരിഗണിക്കണമെന്നാണ് അദ്ദേഹത്തിന്റെ നേരത്തെയുള്ള നിലപാട്.
അതേസമയം, തെരഞ്ഞെുപ്പില്‍ വിജയിച്ച് മന്ത്രിയായ ശേഷവും സണ്ണി ജോസഫാണ് ഇപ്പോഴും കെപിസിസി പ്രസിഡന്റിന്റെ ചുമതല വഹിക്കുന്നത്. പുതിയ കെപിസിസി പ്രസിഡന്റിനെ ഉടന്‍ നിയമിക്കണമെന്ന നേതാക്കളുടെ അഭിപ്രായത്തോട് ഹൈക്കമാന്‍ഡ് ഇതുവരെയും നിലപാട് സ്വീകരിക്കാത്തതില്‍ ഒരു വിഭാഗം നേതാക്കള്‍ക്ക് അതൃപ്തിയുണ്ട്. മുഖ്യമന്ത്രി വി.ഡി. സതീശൻ കഴിഞ്ഞ ദിവസം രാഹുൽ ഗാന്ധിയെ കണ്ടപ്പോൾ കെപിസിസി പ്രസിഡന്റ് വിഷയം ചർച്ചയായതായി സൂചനയുണ്ട്.