ഇരിങ്ങാലക്കുട: കൊടുങ്ങല്ലൂര്‍ - ഷൊര്‍ണൂര്‍ സംസ്ഥാനപാതയില്‍ റോഡപകടങ്ങള്‍ വര്‍ധിക്കുന്ന പശ്ചാത്തലത്തില്‍ റോഡ് സുരക്ഷ വര്‍ധിപ്പിക്കുന്നതിനായി തൃശൂര്‍ റൂറല്‍ ജില്ലാ പോലീസിന്റെ നേതൃത്വത്തില്‍ നടപടികള്‍ തുടരുന്നു.
ഇതിന്റെ ഭാഗമായി തൃശൂര്‍ റൂറല്‍ ജില്ലാ പോലീസ് മേധാവി ബി. കൃഷ്ണകുമാര്‍ ഐപിഎസിന്റെ നേതൃത്വത്തില്‍ സ്വകാര്യ ബസ് ഉടമകളുടെ യോഗംചേര്‍ന്നു. യോഗത്തില്‍ ഡിവൈഎസ്പിമാരായ പി.ആര്. ബിജോയ്, സി.എല്‍. ഷാജു, വര്‍ഗീസ് അലക്സാണ്ടര്‍, പ്രൈവറ്റ് ബസ് ഓണേഴ്സ് അസോസിയേഷന് പ്രസിഡന്റ് എം.എസ്. പ്രേംകുമാര്‍, സെക്രട്ടറി വി.വി. അനില്‍കുമാര്‍, 29 ഓളം ബസ് ഉടമകള്‍ എന്നിവര്‍ പങ്കെടുത്തു.
നിയമങ്ങളും ചട്ടങ്ങളും കര്‍ശനമായി പാലിക്കണമെന്നും ബസ് സര്‍വീസുകളുടെ നടത്തിപ്പില്‍ അച്ചടക്കവും ശാസ്ത്രീയതയും പുലര്‍ത്തണമെന്നും ബസ് ഉടമകളോട് ആവശ്യപ്പെട്ടു. ബസുകളുടെ സമയക്രമം സംബന്ധിച്ച് ഉണ്ടാകുന്ന തര്‍ക്കങ്ങളും മത്സരയോട്ടവും അപകടങ്ങള്‍ക്ക് കാരണമാകുന്ന സാഹചര്യത്തില്‍ ഇത്തരം പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനായി ബസ് ഉടമകളെ ഉള്‍പ്പെടുത്തി ഒരു കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി രൂപീകരിക്കാന്‍ തീരുമാനമെടുത്തു.
സ്വകാര്യ ബസുകളില്‍ ഡ്രൈവര്‍മാര്‍, കണ്ടക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള ജീവനക്കാരായി ക്രിമിനല്‍ പശ്ചാത്തലമുള്ളവരെ നിയമിക്കുന്നത് കര്‍ശനമായി ഒഴിവാക്കണമെന്നു ജില്ലാ പോലീസ് മേധാവി അറിയിച്ചു. അനധികൃത പാര്‍ക്കിംഗ് തടയുന്നതിനായി കര്‍ശന പരിശോധനകള്‍ നടത്താനും വെള്ളാങ്ങല്ലൂര്‍ മേഖലയിലുണ്ടാകുന്ന ഗതാഗതക്കുരുക്ക് പരിഹരിക്കാന്‍ കൂടുതല്‍ പോലീസ് സേനയെ വിന്യസിക്കാനും യോഗത്തില്‍ തീരുമാനമായി