ചെറുപുഴ: അഞ്ജുവിന്റെ വേർപാടിൽ വേദനയോടെ കൊല്ലാട ഗ്രാമം. ഇന്നലെ വൈകുന്നേരത്തോടെ വാഴപ്പള്ളി സോനു സെബാസ്റ്റ്യനും ഭാര്യ അഞ്ജുവിനും കാപ്പിമല മഞ്ഞപ്പുല്ല് സന്ദർശിക്കുന്നതിനിടെ മിന്നലേറ്റെന്ന വിവരമായിരുന്നു ആദ്യമെത്തിയത്.
വൈകുന്നേരം ആറോടെ മരണം സംഭവിച്ചെന്ന വാർത്ത സ്ഥിരീകരിച്ചു. ജോലിത്തിരക്കിൽനിന്ന് അല്പം ആശ്വാസം തേടിയായിരുന്നു ദന്പതികൾ മഞ്ഞപ്പുല്ലിലെത്തിയത്. ഒന്നര വർഷം മുന്പായിരുന്നു ഇരുവരുടെയും വിവാഹം. ഫോട്ടോ എടുക്കുന്നതിനിടെയാണ് മിന്നൽ ദുരന്തമായി എത്തിയത്. മിന്നലേറ്റ് വീണ അഞ്ജുവിന്റെ വസ്ത്രങ്ങൾ കത്തിക്കരിഞ്ഞു. സോനുവിനും വീണു പരിക്കേറ്റു. പെട്ടെന്നുണ്ടായ കനത്ത മഴ രക്ഷാപ്രവർത്തനത്തിന് തടസമായി. മൊബൈൽ റേഞ്ച് കിട്ടാതെ വന്നതും വിവരങ്ങൾ അറിയാൻ വൈകി.
ദിവസവും രാവിലെ കൊല്ലാടയിൽനിന്നും നടന്നാണ് അഞ്ജു കാക്കയംചാലിൽ എത്തുന്നത്. അവിടെ നിന്നുമാണ് ആണ് പുളിങ്ങോം വില്ലേജ് ഓഫീസിലേക്ക് പോയിരുന്നത്. അതു കൊണ്ടുതന്നെ നാട്ടുകാരുമായി നല്ലബന്ധമായിരുന്നു.