ട്രെയിനിൽനിന്നുവീണ് പ്രശസ്ത സ്റ്റിൽ ഫോട്ടോഗ്രാഫർ കൊല്ലം മോഹന്(73) ദാരുണാന്ത്യം. തമിഴ്നാട്ടിലെ കുഴിത്തുറ വെസ്റ്റ് റെയിൽവേസ്റ്റേഷനു സമീപം ഇന്നലെ വൈകുന്നേരമായിരുന്നു അപകടം.
സംസ്കാരം പിന്നീട്. മാർത്താണ്ഡത്ത് ഒരു ചടങ്ങിൽ പങ്കെടുക്കാൻ കുടുംബത്തോടൊപ്പം പോകുമ്പോഴായിരുന്നു അപകടമുണ്ടായത്. മൃതദേഹം നാഗർകോവിൽ മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഭാര്യ: രുഗ്മിണീ ദേവി. മക്കൾ: രഞ്ജിനി (മുത്തൂറ്റ് ബാങ്ക്), രഞ്ജിത്ത്.
1980കൾ മുതൽ സിനിമാ പ്രസിദ്ധീകരണമേഖലയിൽ തനതു വ്യക്തിമുദ്ര പതിപ്പിച്ച ഫോട്ടാഗ്രാഫറാണ് കൊല്ലം മോഹൻ. ചലച്ചിത്ര താരങ്ങളായ മധു, ജയൻ, സുകുമാരൻ, മമ്മൂട്ടി, മോഹൻലാൽ, ജയറാം, ഉർവശി, കാർത്തിക, പാർവതി തുടങ്ങി ഒട്ടേറെ പ്രശസ്തരുടെ സ്റ്റിൽ ഫോട്ടോകളെടുത്തിട്ടുണ്ട്. മതിലുകൾ, മുഖാമുഖം, സ്നേഹപൂർവം മീര, ബലൂൺ, കലിക, രാധ എന്ന പെൺകുട്ടി തുടങ്ങിയ ചലചിത്രങ്ങളുടെ സ്റ്റിൽ ഫോട്ടോഗ്രാഫറായിരുന്നു.