തന്റെ പേരിൽ ഡീപ് ഫേക്ക് എഐ വീഡിയോകൾ നിർമ്മിച്ച് പ്രചരിപ്പിക്കുന്നവർക്ക് സോഷ്യൽ മീഡിയയിലൂടെ മറുപടി നൽകി നടി പ്രതിഭ. 'കൊണ്ടൽ' ഉൾപ്പെടെയുള്ള ചിത്രങ്ങളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായ താരം, ഇത്തരം ശ്രമങ്ങൾ തന്നെ തളർത്തുന്നില്ലെന്ന് വ്യക്തമാക്കി.
തനിക്കെതിരെ നടക്കുന്ന നെഗറ്റീവ് പ്രചാരണങ്ങളെ തികച്ചും അവഗണിക്കുകയാണെന്നും, ഇതിനെയെല്ലാം ഒരു സൗജന്യ പിആർ പ്രൊമോഷനായി മാത്രമാണ് കാണുന്നതെന്നും പ്രതിഭ കുറിച്ചു.
സാങ്കേതികവിദ്യയുടെ കടന്നുവരവോടെ എഐയും എജിഐയുമെല്ലാം നിയന്ത്രണാതീതമായി വളരുന്ന കാലത്താണ് നാം ജീവിക്കുന്നതെന്ന് താരം ചൂണ്ടിക്കാട്ടി. ഇത്തരം വ്യാജ വീഡിയോകൾ കണ്ട് ആരും ഭയപ്പെടേണ്ടതില്ല.
നമ്മുടെ അനുവാദമില്ലാതെ ഇത്തരം കാര്യങ്ങൾ ചെയ്യുന്നത് അംഗീകരിക്കാനാകില്ലെങ്കിലും ഇത്തരം പ്രവർത്തികളിൽ ആശങ്കപ്പെടാതെ ശാന്തരായിരിക്കാനാണ് താരം ആരാധകരോട് ആവശ്യപ്പെടുന്നത്. ഒരാളെ വലിച്ച് താഴെയിടാൻ ശ്രമിക്കുന്നവർ യഥാർഥത്തിൽ അവരെ പ്രൊമോട്ട് ചെയ്യുകയാണ് ചെയ്യുന്നത്.
ശ്രദ്ധ പിടിച്ചുപറ്റുക എന്ന ലക്ഷ്യത്തോടെയാണ് പലരും ഇത്തരം വ്യാജപ്രചരണങ്ങൾ നടത്തുന്നത്. എന്നാൽ ഇവയെ പൂർണമായി അവഗണിക്കുന്നതിലൂടെ ലഭിക്കുന്ന സമാധാനവും കരുത്തുമാണ് താൻ തിരിച്ചറിയുന്നതെന്നും, ഈ പ്രവൃത്തികളിലൂടെ തനിക്ക് കൂടുതൽ പ്രചാരം നൽകിയതിന് നന്ദിയുണ്ടെന്നും താരം കൂട്ടിച്ചേർത്തു.