പാമ്പാടി: കൂരോപ്പട സഹകരണ ബാങ്കിന്റെ മറ്റപ്പള്ളി ശാഖയിലെ താത്കാലിക സ്വീപ്പർ ജ്യോത്സന തോമസും കുടുംബവും ജീവനൊടുക്കിയ സംഭവത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തി ബാങ്ക് ഭരണസമിതി. ദാരുണ സംഭവത്തിന് പിന്നാലെ ബാങ്കിനെയും ജീവനക്കാരെയും ബന്ധപ്പെടുത്തി ചില കേന്ദ്രങ്ങൾ നടത്തുന്ന വ്യാജപ്രചാരണങ്ങൾക്കെതിരേ ശക്തമായ നിയമനടപടി സ്വീകരിക്കുമെന്ന് ബാങ്ക് പ്രസിഡന്റ് അറിയിച്ചു. മരണപ്പെട്ട ജ്യോത്സനയ്ക്കും ഭർത്താവിനും ബാങ്കിന്റെ മറ്റപ്പള്ളി ശാഖയിൽ ഏതാനും ചിട്ടികൾ മാത്രമാണുണ്ടായിരുന്നത്. ഇതല്ലാതെ ബാങ്കുമായി മറ്റ് യാതൊരുവിധ സാമ്പത്തിക ഇടപാടുകളോ ബാധ്യതകളോ ഉണ്ടായിരുന്നില്ല. വസ്തുത ഇതായിരിക്കെ, ഒരു അടിസ്ഥാനവുമില്ലാത്ത കാര്യങ്ങളാണ് സോഷ്യൽ മീഡിയയിലെ വ്യാജ അക്കൗണ്ടുകൾ വഴിയും മറ്റും പ്രചരിപ്പിക്കുന്നത്. നാടിന്റെ വികസനത്തിൽ സ്തുത്യർഹമായ പങ്ക് വഹിച്ച് പ്രവർത്തിക്കുന്ന ബാങ്കിന്റെ പ്രതിച്ഛായ തകർക്കാൻ ലക്ഷ്യമിട്ട് ചിലർ നടത്തുന്ന കുപ്രചാരണങ്ങൾക്കെതിരേ പാമ്പാടി പോലീസ് സ്റ്റേഷനിലും സൈബർ സെല്ലിലും പരാതി നൽകിയിട്ടുണ്ട്.
കുറ്റക്കാർക്കെതിരേ വിട്ടുവീഴ്ചയില്ലാത്ത നടപടിയുണ്ടാകും. സഹകാരികളുടെയും നാട്ടുകാരുടെയും നിർലോപമായ പിന്തുണയോടെയാണ് ബാങ്ക് സാമ്പത്തികസ്ഥിരത കൈവരിച്ചത്. സഹകരണ നിയമം അനുശാസിക്കുന്ന നിക്ഷേപ, വായ്പ, കരുതൽ ധന അനുപാതം ബാങ്ക് കർശനമായി പാലിക്കുന്നുണ്ട്. ഇടപാടുകാരുടെ താത്പര്യങ്ങൾ പൂർണമായും സംരക്ഷിക്കാൻ പ്രാപ്തിയുള്ള സ്ഥാപനമാണിത്. അംഗങ്ങൾക്ക് ഡിവിഡന്റ് നൽകി ലാഭകരമായി പ്രവർത്തിക്കുന്ന ബാങ്കിനെതിരായ വ്യാജപ്രചാരണങ്ങളിൽ ഇടപാടുകാർ വഞ്ചിതരാകരുതെന്നും പ്രസിഡന്റ് വ്യക്തമാക്കി.
ജ്യോത്സനയുടെയും കുടുംബത്തിന്റെയും ആത്മഹത്യ സംബന്ധിച്ച് അധികാരികളുടെ ഭാഗത്തുനിന്ന് സത്യസന്ധമായ അന്വേഷണം ഉണ്ടാകണം. ദുരന്തത്തിന് പിന്നിലെ വസ്തുതകൾ വെളിച്ചത്തു കൊണ്ടുവരണമെന്നും ബാങ്ക് പ്രസിഡന്റ് പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
ദുരൂഹത പുറത്തു കൊണ്ടുവരണമെന്ന് ബിജെപി
പാമ്പാടി: കൂരോപ്പടയിലെ കൂട്ട ആത്മഹത്യ സംബന്ധിച്ച ദുരൂഹത പുറത്തു കൊണ്ടുവരണമെന്ന് ബിജെപി അയർക്കുന്നം മണ്ഡലം കമ്മിറ്റി. ധനകാര്യ സ്ഥാപനത്തിലെ താത്കാലിക ജീവനക്കാരിയായ മരിച്ച ജ്യോത്സനയ്ക്ക് ചിട്ടി നടത്തിപ്പിൽ ലക്ഷങ്ങളുടെ കടബാധ്യത ഉണ്ടായിരുന്നതായി ആരോപണമുണ്ട്. ബാങ്കുകളിൽനിന്ന് വായ്പയെടുത്തിട്ടുള്ളതായും പറയപ്പെടുന്നു. ഈ തുകകൾ എന്തിനു വിനിയോഗിച്ചു എന്നുള്ള കാര്യത്തിലും ദുരൂഹതയുണ്ട്. കുടുംബത്തിലെ നാല് പേർ ആത്മഹത്യ ചെയ്തിട്ടും അന്വേഷിക്കാതിരുന്ന പുതുപ്പള്ളി എംഎൽഎ, ഒരു മുൻ മന്ത്രി എന്നിവർക്ക് സംഭവം മൂടിവയ്ക്കുന്നതിൽ പങ്കുണ്ടെന്നു സംശയിക്കുന്നതായി മണ്ഡലം പ്രസിഡന്റ് സി.ജി. ഗോപകുമാർ പറഞ്ഞു.
ജ്യോത്സനയുടെ മകൾ മരിയ തോമസിന്റെ ബുക്കിൽനിന്ന് കണ്ടെടുത്തു എന്ന് പറയപ്പെടുന്ന ആത്മഹത്യാക്കുറിപ്പും മരണമൊഴിയും ധനകാര്യ സ്ഥാപനത്തിന്റെ ചിട്ടി പാസ് ബുക്കുകളും പുറത്തു കൊണ്ടുവരണം. സ്ഥാപനത്തിലെ മേലുദ്യോഗസ്ഥയ്ക്ക് സംഭവവുമായി ബന്ധമുണ്ടെന്ന ആരോപണത്തിന്റെ സത്യാവസ്ഥ അധികൃതർ വ്യക്തമാക്കണം. വ്യക്തമായ ഉത്തരം കിട്ടാത്തപക്ഷം പ്രത്യക്ഷ സമരപരിപാടികളിലേക്ക് കടക്കുമെന്ന് മണ്ഡലം പ്രസിഡന്റ് സി.ജി. ഗോപകുമാർ, കൂരോപ്പട പഞ്ചായത്ത് പ്രസിഡന്റ് വർഗീസ് താഴത്ത്, ജനറൽ സെക്രട്ടറി കെ.കെ. രാജൻ എന്നിവർ അറിയിച്ചു.