ഡാളസ്: അത്ഭുതപ്രവർത്തകയായ കൊരട്ടിമുത്തിയുടെ തിരുനാൾ ഡാളസിലെ മലയാളി വിശ്വാസികൾ ഭക്തിനിർഭരമായി ആഘോഷിച്ചു. ദക്ഷിണേന്ത്യയിൽ ഏറെ പ്രസിദ്ധിയാർജിച്ച കൊരട്ടിമുത്തിയുടെ തിരുനാളിനോടനുബന്ധിച്ച് വിവിധ ആത്മീയ, സാംസ്കാരിക പരിപാടികൾ സംഘടിപ്പിച്ചു.
തൃശൂർ ജില്ലയിലെ കൊരട്ടി ഗ്രാമത്തിൽ 1381-ൽ പരിശുദ്ധ കന്യകാമറിയത്തിന്റെ നാമധേയത്തിൽ സ്ഥാപിതമായ ദേവാലയത്തിന് നൂറ്റാണ്ടുകളുടെ പാരമ്പര്യമുണ്ട്. രണ്ടാഴ്ചയിലധികം നീണ്ടുനിൽക്കുന്ന തിരുനാളാഘോഷം കൊരട്ടിയിലും പരിസരപ്രദേശങ്ങളിലുമുള്ള വിശ്വാസികൾക്ക് ഗൃഹാതുരമായ ഓർമകൾ സമ്മാനിക്കുന്നതാണ്.
ഒക്ടോബർ ഏഴിന് രാവിലെ കോപ്പൽ പള്ളിയിൽ വിശുദ്ധ കുർബാനയോടെയാണ് ഡാളസിലെ തിരുനാളാഘോഷങ്ങൾക്ക് തുടക്കമായത്. കൊരട്ടിമുത്തിയുടെ പ്രത്യേക നേർച്ചയായ പൂവൻകുല നേർച്ച ഭക്തർക്ക് ആത്മീയ അനുഭവമായി.
വൈകുന്നേരം ഇന്ത്യൻ ക്രീക്ക് ക്ലബിൽ നടന്ന ആഘോഷപരിപാടികളിൽ കുടുംബാംഗങ്ങളും ഡാളസിലെ പ്രമുഖ കലാകാരന്മാരും പങ്കെടുത്തു. വിവിധ കലാപരിപാടികൾ ആഘോഷങ്ങൾക്ക് മാറ്റുകൂട്ടി. നാടൻ സദ്യയും ഒരുക്കിയിരുന്നു.