വെള്ളിയാമറ്റം: പൂമാല- കോശേരിക്കടവ് നിവാസികളുടെ ദുരിതയാത്രയ്ക്ക് എന്ന് പരിഹാരമാകുമെന്ന ചോദ്യത്തിന് ഉത്തരം തേടുകയാണ് ജനങ്ങൾ. വടക്കനാറിനു കുറുകെ കോശേരിക്കടവില് പാലം നിർമാണം ആരംഭിച്ചിട്ട് നാലു വര്‍ഷം കഴിഞ്ഞു. ഇതുവരെ പാലം പണി പൂര്‍ത്തിയാക്കാനായിട്ടില്ല.
കോശേരിക്കടവില് പാലം വരുന്നതോടെ നാളിയാനി, പൂച്ചപ്ര ഭാഗത്തുള്ള പുഴയുടെ ഇരുകരകളിലായി താമസിക്കുന്നവര്‍ക്കും ഇവിടത്തെ ആദിവാസി വിഭാഗങ്ങള്‍ക്കും മറുകരയെത്താൻ ഏറെ എളുപ്പമാകും. ഈ പ്രദേശത്തുള്ള വിദ്യാര്‍ഥികളും പ്രായമായവരും മഴക്കാലമായാൽ പുഴ കടക്കുന്നത് നാട്ടുകാര്‍ കെട്ടിയുണ്ടാക്കുന്ന ഇല്ലിപ്പാലത്തിലൂടെയാണ്. നാട്ടുകാരുടെ ദുരിതയാത്ര തിരിച്ചറിഞ്ഞ് പട്ടികവര്‍ഗ വകുപ്പ് ഇടപെട്ടാണ് പാലം നിർമിക്കാൻ തുക അനുവദിച്ചത്. എന്നാല്‍ വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും പാലം നിർമാണം എങ്ങുമെത്തിയില്ല.
തുടക്കത്തില്‍ വനം വകുപ്പായിരുന്നു തടസം. ഇതോടെ പാലത്തിന്റെ തൂണുകള്‍ക്ക് കുഴിയെടുത്തെങ്കിലും നിർമാണം തുടര്‍ന്നു കൊണ്ടുപോകാനാകാതെവന്നതോടെ ട്രൈബല്‍ ഡിപ്പാര്‍ട്ട്മെന്റ് വനം വകുപ്പ് ആവശ്യപ്പെട്ട തുക പരിവേഷ് പോര്‍ട്ടല്‍ വഴി അടച്ചു. ഇതോടെ നിർമാണത്തിന് അനുമതി ലഭിച്ചു. ഇക്കാരണത്താൽ പാലം നിർമാണം രണ്ടുവര്‍ഷത്തോളം വൈകി. നിര്‍മിതി കേന്ദ്രത്തിനായിരുന്നു നിർമാണച്ചുമതല. അടങ്കല്‍ത്തുക വര്‍ധിപ്പിക്കണമെന്നാവശ്യപ്പെട്ടുള്ള കത്തിൽ ഭരണാനുമതി കിട്ടാത്തതാണ് നിർമാണം വൈകാന്‍ കാരണമെന്നും ഇതിനുള്ള അപേക്ഷ പട്ടികജാതി പട്ടികവര്‍ഗ വകുപ്പിന് കൈമാറിയിട്ട് മാസങ്ങളായെന്നും നിര്‍മിതി ഉദ്യോഗസ്ഥര്‍ പറയുന്നു.
മഴക്കാലം വരുന്നതോടെ യാത്രയ്ക്കായി ഈ വർഷവും ഇല്ലിപ്പാലം പണിയേണ്ടി വരുമോയെന്ന ആശങ്കയിലാണ് പ്രദേശവാസികൾ.