ഒറ്റപ്പാലം: കോതകുറിശിയിൽ പുതുതായി നിർമിച്ച 110 കെവി കെഎസ്ഇബി സബ്സ്റ്റേഷന്റെ ട്രയൽ റൺ വിജയകരമായി പൂർത്തീകരിച്ചു. ട്രാൻസ്മിഷൻ ചീഫ് എൻജിനിയറുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥർ എത്തിയാണ് സബ്സ്റ്റേഷന്റെ ട്രയൽ റൺ നടത്തിയത്.
ട്രയൽ റണ്ണിന്റെ ഉദ്ഘാടനം പി. മമ്മിക്കുട്ടി എംഎൽഎ നിർവഹിച്ചു. ഒറ്റപ്പാലത്തിനും ചെർപ്പുളശേരി ക്കും ഇടയിൽ പുതിയ സബ്സ്റ്റേഷൻ സ്ഥാപിക്കുകയെന്നത് ദീർഘകാലമായി ഇലക്ട്രിസിറ്റി ബോർഡിന്റെ ആവശ്യമായിരുന്നു. ആവശ്യമായ ഫണ്ട് ലഭ്യമായിട്ടും സ്ഥലം ലഭ്യമാവാത്ത സാഹചര്യമുണ്ടായിരുന്നു. ഇറിഗേഷൻ വകുപ്പിന്റെയും റവന്യൂ വകുപ്പിന്റെയും സ്ഥലം പാട്ടവ്യവസ്ഥയിൽ ഇലക്ട്രിസിറ്റി ബോർഡിന് കൈമാറുകയും രണ്ടുവർഷത്തെ പ്രവൃത്തികൾക്കുശേഷം സബ്സ്റ്റേഷൻ യാഥാർഥ്യമാവുകയായിരുന്നു.
പ്രവർത്തനം പൂർണതോതിലാകുന്നതോടെ വാണിയംകുളം, അനങ്ങനടി, തൃക്കടീരി, ചളവറ പഞ്ചായത്ത് പരിധികൾ, ഒറ്റപ്പാലം നഗരസഭയുടെ ഒരു ഭാഗം എന്നിവിടങ്ങളിലെ വോൾട്ടേജ് ക്ഷാമം പൂർണമായും പരിഹരിക്കപ്പെടും.