കോതനല്ലൂര്‍: കോതനല്ലൂര്‍, ചാമക്കാല പ്രദേശങ്ങളില്‍ നിര്‍മാണത്തിലിരിക്കുന്ന വീടുകള്‍ കേന്ദ്രീകരിച്ചു മോഷണം വ്യാപകം. വീടുകളുടെ വയറിംഗ് സാധനസാമഗ്രികളും പണിസാധനങ്ങളുമാണ് മോഷണം പോകുന്നത്. ഞായറാഴ്ച രാത്രിയില്‍ കോതനല്ലൂര്‍ തുവാനിസ പ്രദേശത്ത് നിര്‍മാണത്തിലിരിക്കുന്ന വില്ലാ പ്രോജക്ടിലെ മൂന്ന് വീടുകളില്‍നിന്നും വയറിംഗ് സാധനങ്ങളും മോട്ടോറുകളും കടത്തിക്കൊണ്ട് പോയി, ലക്ഷക്കണക്കിന് രൂപയുടെ വയറിംഗ് സാധനങ്ങളാണ് മോഷ്ടിച്ചത്.
വയറിംഗുമായി ബന്ധപ്പെട്ട് പൈപ്പിലൂടെ വലിച്ചിട്ടിരുന്ന കേബിള്‍ വലിച്ചെടുത്ത് കടത്തുകയായിരുന്നു. ഇത്തരത്തില്‍ മൂന്ന് വീടുകളുടെ കേബിളുകളാണ് മോഷ്ടിച്ചത്. ലക്ഷക്കണക്കിന് രൂപയുടെ കേബിളും അനുബന്ധ സാധനങ്ങളുമാണ് മോഷ്ടിച്ചത്. കുറുപ്പന്തറ, പിറവം, പൂഞ്ഞാര്‍ സ്വദേശികളുടെ വീടുകളിലാണ് മോഷണം നടന്നത്. പണിക്കാരുടെ ഉപകരണങ്ങളും ഇത്തരത്തില്‍ മോഷ്ടിക്കുന്നുണ്ട്. ഫോറന്‍സിക് സംഘവും കടുത്തുരുത്തി പൊലിസും സ്ഥലത്ത് എത്തിയിരുന്നു. കഴിഞ്ഞദിവസം ചാമക്കാല എടാട്ട് അനീഷിന്റെ വീട്ടിലും സമാന രീതിയില്‍ മോഷണം നടന്നിരുന്നു. രണ്ട് ലക്ഷത്തോളം രൂപയുടെ വയറിംഗ് സാധനങ്ങളാണ് ഇവിടെനിന്നു നഷ്ടപ്പെട്ട ത്.
നിര്‍മാണത്തിലിരിക്കുന്ന വീടാണ് ഇതും. കോതനല്ലൂര്‍ ഫൊറോന പള്ളിയുടെ സമീപത്തെ മറ്റൊരു വീട്ടില്‍നിന്നും മാസങ്ങള്‍ക്ക് മുമ്പ് സമാന രീതിയില്‍ മോഷണം നടന്നിരുന്നു. പൊലിസ് പട്രോളിംഗ് ഉള്‍പ്പെടെയുള്ള നടപടികള്‍ ശക്തമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.