District News
കൊഴിഞ്ഞാമ്പാറ: ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നേതൃത്വം നൽകുന്ന സിപിഎം വിമതപക്ഷവും മാർക്സിസ്റ്റ് ജനാധിപത്യ കൂട്ടായ്മയും യുഡിഎഫും തെരഞ്ഞെടുപ്പ് ധാരണയിലെത്തി.
സിപിഎം വിമത ഗ്രൂപ്പും യുഡിഎഫും പരസ്യ ധാരണയുണ്ടാക്കി തെരഞ്ഞെടുപ്പിനെ നേരിടുന്നതിനാൽ കൊഴിഞ്ഞാമ്പാറ ഗ്രാമപഞ്ചായത്ത് ജില്ലയിൽ ശ്രദ്ധാകേന്ദ്രമായിരിക്കുകയാണ്. 19 വാർഡുകളുള്ള കൊഴിഞ്ഞാമ്പാറ പഞ്ചായത്തിൽ യൂഡിഎഫ് 12 സീറ്റിലും, സിപിഎം വിമതപക്ഷം ഏഴുസീറ്റിലും മത്സരിക്കുമെന്ന് കൺവൻഷനിൽ ധാരണയിലായി.
കോൺഗ്രസിന്റെ ശക്തികേന്ദ്രമായിരുന്ന കൊഴിഞ്ഞാമ്പാറ പഞ്ചായത്ത് കഴിഞ്ഞ 10 വർഷമായി എൽഡിഎഫാണ് ഭരിക്കുന്നത്.ഒരു വർഷം മുൻപ് കോൺഗ്രസിൽനിന്നും സിപിഎമ്മിലെത്തിയ വ്യക്തിയെ ജില്ലാ- ഏരിയാ നേതൃത്വത്തിന്റെ താത്പര്യ പ്രകാരം ലോക്കൽ കമ്മിറ്റി സെക്രട്ടറിയാക്കിയതാണ് സിപിഎം പാർട്ടിയിലെ ചേരിതിരിവിന് കാരണമായത്.
ഇതോടെ പഞ്ചായത്ത് പ്രസിഡന്റും ചിറ്റൂർ ഏരിയാ കമ്മിറ്റിയംഗവുമായ എം.സതീഷ്, ലോക്കൽ കമ്മിറ്റി സെക്രട്ടറിയായിരുന്ന വി. ശാന്തകുമാർ, എന്നിവരും നാലു പഞ്ചായത്തംഗങ്ങളുൾപ്പെടെയുള്ളവർ പാർട്ടിയിൽ വിമതശബ്ദമുയർത്തി രംഗത്തെത്തിയിരുന്നു. പാർട്ടി ഘടകങ്ങൾക്കുൾപ്പെടെ പരാതി നൽകിയിട്ടും യാതൊരു നടപടിയുമുണ്ടാകാതെ വന്നതോടെയാണ് വിമതർ ശക്തമായി രംഗത്തെത്തിയത്.
ഡിസിസി ജനറൽ സെക്രട്ടറി കെ.എസ്. തണികാചലം, യുഡിഎഫ് ചെയർമാൻ പി. രതീഷ്, സിപിഎം വിമത നേതാക്കളായ എം. സതീഷ്, വി. ശാന്തകുമാർ, എസ്. മുഹമ്മദ് ഫാറൂഖ് ഉൾപ്പെടെയുള്ളവർ പങ്കെടുത്ത ചർച്ചയിലാണ് മുന്നണി ധാരണയുണ്ടായിരിക്കുന്നത്