പുല്‍പ്പള്ളി: കൃപാലയ സ്പെഷ്യല്‍ സ്കൂളിലെ മാനേജ്മെന്റിന്റെയും അധ്യാപകരുടെയും പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. വിദ്യാഭ്യാസ-കലാകായിക രംഗത്തും കൃപാലയ സ്പെഷ്യല്‍ സ്കൂളിന് മികച്ചനേട്ടം കൈവരിക്കാന്‍ കഴിഞ്ഞിട്ടുണ്ടന്നും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലും സ്കൂളിന്റെ പ്രവര്‍ത്തനങ്ങള്‍ മാതൃകപരമാണെന്നും അദ്ദേഹം പറഞ്ഞു. പുല്‍പ്പള്ളി കൃപാലയ സ്പെഷ്യല്‍ സ്കൂളില്‍ സംസ്ഥാന സ്പെഷ്യല്‍ സ്കൂള്‍ കലോത്സവത്തില്‍ വിജയികളായ വിദ്യാര്‍ഥികള്‍ക്ക് സ്വീകരണവും അധ്യാപകരുടെയും രക്ഷിതാക്കളുടെയും വിദ്യാര്‍ഥികളുടെയും നേതൃത്വത്തില്‍ നടത്തിയ സൗഹൃദ സംഗമവും ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഭിന്നശേഷി വിദ്യാര്‍ഥികളെ മുഖ്യധാരയിലെത്തിക്കുന്നതിന് ആവശ്യമായ എല്ലാ നടപടികള്‍ക്കും സര്‍ക്കാരിന്റെ പിന്തുണയുണ്ടാകുമെന്നും മന്ത്രി പറഞ്ഞു.
ഐ.സി. ബാലകൃഷ്ണന് എംഎല്‍എ അധ്യക്ഷത വഹിച്ചു. സ്കൂള്‍ മനേജരും പ്രൊവിന്‍ഷ്യാൾ സുപ്പീരിയറുമായ സിസ്റ്റര്‍ ഡോ. പൗളിന് മുകാല മുഖ്യപ്രഭാഷണം നടത്തി. പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.എസ്. ദിലീപ്കുമാര്, പഞ്ചായത്ത് പ്രസിഡന്റുമാരായ ബിന്ദു പ്രകാശ്, ലിസി സാബു, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോഷി ചാരുവേലില്‍, പഞ്ചായത്തംഗം ഗീത കുഞ്ഞികൃഷ്ണന്, പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ആന്‍ട്രീസ, സിസ്റ്റര്‍ ആന്‍സ് മരിയ, സിസ്റ്റര്‍ ആന്‍സീന, ടി.യു. ഷിബു, കെ.എല്‍. പൗലോസ് എന്നിവര്‍ പ്രസംഗിച്ചു.