കോഴഞ്ചേരി: വനിതാ കര്‍ഷകരുടെ പങ്കാളിത്തം കാര്‍ഷിക മേഖലയില്‍ കൂടുതല്‍ ശക്തിപ്പെടുത്തുന്നതിന് വനിതാ കര്‍ഷകസംഘങ്ങളെ സ്വയംപര്യാപ്ത കാര്‍ഷിക സംരംഭങ്ങളാക്കി മാറ്റുന്നതിനായി കൃഷിവകുപ്പ് ആവിഷ്കരിച്ച കൃഷി സഖി വനിതാ കര്‍ഷക വികസനപദ്ധതിക്ക് പത്തനംതിട്ട ജില്ലയിലും തുടക്കമാകുന്നു.
2026 - 27 സാമ്പത്തിക വര്‍ഷത്തില്‍ നടപ്പാക്കുന്ന പദ്ധതിയുടെ ഭാഗമായി ജില്ലയിലെ വിവിധ കൃഷിഭവനുകള്‍ മുഖേന മികച്ച വനിതാ കര്‍ഷിക സംഘങ്ങളെ കണ്ടെത്തി പദ്ധതിയില്‍ ഉള്‍പ്പെടുത്തും. ഓരോ കൃഷിഭവനും പ്രവര്‍ത്തനമികവിന്റെ അടിസ്ഥാനത്തില്‍ ഒരു വനിതാ കര്‍ഷക സംഘത്തെ കണ്ടെത്തും.
ബ്ലോക്ക്തല സമിതിയാണ് സംഘങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി മികച്ച സംഘങ്ങളെ ജില്ലാതല സമിതിയിലേക്ക് ശിപാര്‍ശ ചെയ്യുന്നത്. ജില്ലാ, സംസ്ഥാനതല സമിതിയുടെ അംഗീകാരത്തോടെയായിരിക്കും അന്തിമ തെരഞ്ഞെടുപ്പ്. സംസ്ഥാനത്താകെ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന 300 വനിതാ കര്ഷകസംഘങ്ങളെയാണ് 2026 - 27 വര്‍ഷം പദ്ധതിയുടെ ഭാഗമായി തെരഞ്ഞെടുക്കുന്നത്.
കാര്‍ഷിക ഉത്പന്നങ്ങളുടെ സംസ്കരണം, ശുചീകരണം, തരംതിരിക്കൽ, ഉണക്കല്‍, പാക്കേജിംഗ്, ബ്രാന്‍ഡിംഗ്, സംഭരണം, വിപണനം തുടങ്ങിയ മേഖലകളില്‍ വനിതാ കര്‍ഷക സംഘങ്ങള്‍ക്ക് പിന്തുണ നല്‍കും. അംഗീകാരം ലഭിക്കുന്ന സംഘങ്ങള്‍ക്ക് സമര്‍പ്പിക്കുന്ന പദ്ധതി രേഖയുടെ 75 ശതമാനം വരെ, പരമാവധി 10 ലക്ഷം രൂപ ധനസഹായമായി ലഭിക്കും. വനിതാ കര്‍ഷകരുടെ വരുമാനം വര്‍ധിപ്പിക്കുക, കാര്‍ഷിക സംരംഭകത്വം പ്രോത്സാഹിപ്പിക്കുക, കാര്‍ഷിക ഉത്പന്നങ്ങള്‍ക്ക് മികച്ച വിപണന സാധ്യത ഉറപ്പാക്കുക, സ്ത്രീകളുടെ സാമ്പത്തിക സ്വയംപര്യാപ്തത ശക്തിപ്പെടുത്തുക എന്നിവയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങളെന്ന് അഗ്രിക്കള്‍ച്ചറല്‍ ടെക്നോളജി മാനേജ്മെന്റ് ഏജന്‍സി (ആത്മ) ജില്ലാ പ്രോജക്ട് ഡയറക്ടര്‍ സി. ഗിരിജ പറഞ്ഞു.