കളമശേരി: ജലാശയങ്ങളിലെ വില്ലനായ കുളവാഴയെ മത്സ്യക്കൃഷിക്ക് അമൃതാക്കി മാറ്റി കൊച്ചി ശാസ്ത്ര-സാങ്കേതിക സർവകലാശാലയിലെ (കുസാറ്റ്) ഗവേഷകർ.
കുളവാഴയുടെ ഇലയും തണ്ടും കാർബൺ സ്രോതസായി ഉപയോഗിച്ച് ബയോഫ്ലോക് രീതിയിൽ ഗിഫ്റ്റ് തിലാപ്പിയകളുടെ വളർച്ച ത്വരിതപ്പെടുത്താമെന്നാണു പുതിയ പഠനം. കുളവാഴയുടെ വിവിധ ഭാഗങ്ങൾ ഈസ്റ്റ് സംയോജനത്തിലൂടെ കാർബൺ സ്രോതസായി മാറ്റുന്ന ലോകത്തിലെതന്നെ ആദ്യത്തെ ശാസ്ത്രീയ പഠനമാണിത്.
കുസാറ്റ് സ്കൂൾ ഓഫ് ഇൻഡസ്ട്രിയൽ ഫിഷറീസിലെ ഗവേഷകരായ മേഘ ലൗജൻ, റെമി നതാകിരുത്തിമാന, അസോസിയേറ്റ് പ്രഫസർ ഡോ. കെ.എം. മുജീബ് റഹ്മാൻ എന്നിവരുടെ നേതൃത്വത്തിലാണ് ഈ നേട്ടം. പരിസ്ഥിതിപ്രശ്നമായി മാറുന്ന കുളവാഴയെ വേസ്റ്റ് ടു വെൽത്ത് എന്ന ആശയത്തിലൂടെ ലാഭകരമായ വിഭവമാക്കി മാറ്റുകയാണ് ഇവർ ചെയ്തത്.
ഈ നൂതന മാർഗം മത്സ്യക്കൃഷിയിലെ ഉത്പാദനച്ചെലവ് ഗണ്യമായി കുറയ്ക്കാനും സുസ്ഥിരമായ കൃഷിരീതി വ്യാപിപ്പിക്കാനും സഹായിക്കുമെന്ന് ഗവേഷകർ ചൂണ്ടിക്കാട്ടുന്നു.