കുമരകം: കുമരകം-അട്ടിപീടിക റോഡരികിലെ കുമരകം പോലീസ് സ്റ്റേഷൻ മുതൽ ചന്തക്കവല വരെയുള്ള ഓട മാലിന്യങ്ങൾ നീക്കം ചെയ്തു വൃത്തിയാക്കിത്തുടങ്ങി. കുമരകം പഞ്ചായത്തിന്റെ നേതൃത്വത്തിൽ ഇന്നലെയാണ് ശുചീകരണം ആരംഭിച്ചത്. കാലവർഷം ആസന്നമായ സാഹചര്യത്തിലാണ് വൃത്തിയാക്കൽ.
പഞ്ചായത്ത് പ്രസിഡന്റ് എ.പി. ഗോപി, വാർഡ് മെംബർ കെ.ജി. ബിനു, ബ്ലോക്ക് പഞ്ചായത്തംഗം അലൻ കുര്യാക്കോസ് മാത്യു എന്നിവരുടെ നിരീക്ഷണത്തിലാണ് പ്രവർത്തനങ്ങൾ പുരോഗമിക്കുന്നത്. ഓട അടഞ്ഞുകിടന്നാൽ കുമരകം പോലീസ് സ്റ്റേഷൻ പരിസരങ്ങളും മാർക്കറ്റിലെ കടകളും വെള്ളത്തിലാകും.