മട്ടന്നൂർ: കൂടാളി കുംഭത്ത് കാർ നിയന്ത്രണംവിട്ട് മരത്തിലിടിച്ച് അഞ്ചു മരണം. കണ്ണൂർ അഴീക്കോട് കോളനി ഗേറ്റിലെ മന്നത്ത് ഹൗസിൽ ഷാൻ സിറാജ് (21), കാഞ്ഞങ്ങാട് മടിക്കൈ കീക്കാംകോട്ട് കണ്ടംകുട്ടിച്ചാലിലെ മുഹമ്മദ് റിസ്വാൻ (22), ബംഗളൂരു സൗത്തിലെ സാദുരി ഹർഷവർധൻ (22), യുപി സ്വദേശി പരം ഛേത്രി (22) തൃശൂർ തിരുവന്പാടി സ്വദേശി പ്രദീപന്റെ മകൻ ആദിത്യകൃഷ്ണദേവ് (22) എന്നിവരാണു മരിച്ചത്. അപകടത്തിൽ പരിക്കേറ്റ് ഗുരുതരാവസ്ഥയിൽ കണ്ണൂർ ചാലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ആദിത്യ കൃഷ്ണദേവ് ഇന്നലെ രാത്രിയാണു മരിച്ചത്.
വെള്ളിയാഴ്ച രാത്രി 11.30 നായിരുന്നു അപകടം. ഷാൻ സിറാജിന്റെ പിതൃസഹോദരന്റെ മകളുടെ വിവാഹത്തിൽ പങ്കെടുക്കാൻ വരികയായിരുന്നു അഞ്ചുപേരും. വെള്ളിയാഴ്ച ഉച്ചകഴിഞ്ഞാണ് ഇവർ ബംഗളൂരുവിൽനിന്നു തിരിച്ചത്. യുപി രജിസ്ട്രേനിലുള്ള കാർ നിയന്ത്രണംവിട്ടു റോഡരികിലെ മരത്തിലിടിച്ചായിരുന്നു അപകടം. അപകടത്തിൽപ്പെട്ട കാറിന് തീപിടിച്ചതായും പറയുന്നു.
ശബ്ദം കേട്ട് ഓടിയെത്തിയവരാണ് വെള്ളം ഒഴിച്ചു തീകെടുത്തിയത്. വിവരമറിഞ്ഞു മട്ടന്നൂരിൽനിന്നെത്തിയ അഗ്നിരക്ഷാസേനയും നാട്ടുകാരും പോലീസും ചേർന്ന് ഏറെ പ്രയാസപ്പെട്ടാണ് പരിക്കേറ്റവരെ പുറത്തെടുത്തത്. ഒരാൾ അപകടസ്ഥലത്തുതന്നെ മരിച്ചു. മറ്റു മൂന്നുപേരെ കണ്ണൂരിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഇടിയുടെ ആഘാതത്തിൽ കാർ പൂർണമായും തകർന്നു.
ബംഗളൂരു ബിഎംഎസ് കോളജ് ഓഫ് എൻജിനിയറിംഗിൽ വിദ്യാർഥികളായിരിക്കെയാണ് ഇവർ ഉറ്റസുഹൃത്തുക്കളായത്. ഷാൻ സിറാജും ആദിത്യ കൃഷ്ണദേവും കാന്പസ് റിക്രൂട്ട്മെന്റിലൂടെ ബംഗളൂരുവിലെ എംഎസ്എ കന്പനിയിൽ ജോലിയിൽ പ്രവേശിച്ചിരുന്നു.
യുഎഇയിലെ സാദ് പ്രീകാസ്റ്റിംഗ് എൽഎൽഎസി ഉടമ അഴീക്കോട് കോളനി ഗേറ്റിലെ കടവത്തുപുരയിൽ സിറാജ് മൊയ്തീന്റെയും (ഇത്തു) തലശേരി മാളിയേക്കൽ കുടുംബാംഗം ഷംനയുടെയും മകനാണു മരിച്ച ഷാൻ സിറാജ്. സഹോദരി: സമീൻ.
കുവൈറ്റിൽ ജോലിചെയ്യുന്ന കാഞ്ഞങ്ങാട് മടിക്കൈ കീക്കാംകോട്ട് കണ്ടംകുട്ടിച്ചാലിലെ വട്ടംതോട് ബഷീറിന്റെയും റീനത്തിന്റെയും മകനാണ് മരിച്ച മുഹമ്മദ് റിസ്വാൻ. ബംഗളൂരു ബിഎംസ് കോളജ് സിവിൽ എൻജിനിയറിംഗ് അവസാനവർഷ വിദ്യാർഥിയാണ്. സഹോദരങ്ങൾ: ഷെബിൻ ഫയാസ് (നഴ്സിംഗ് വിദ്യാർഥി, മംഗളൂരു), ഹിന ഫാത്തിമ (വിദ്യാർഥിനി, കാഞ്ഞങ്ങാട് ലിറ്റിൽ ഫ്ലവർ സ്കൂൾ).
ജില്ലാ ആശുപത്രിയിലെ പോസ്റ്റ്മോർട്ടത്തിനുശേഷം ഷാൻ സിറാജിന്റെ കബറടക്കം ചാലാട് ജുമാമസ്ദിജ് കബർസ്ഥാനിലും റിസ്വാന്റെ മൃതദേഹം മടിക്കൈ അരയി ജുമാമസ്ദിജ് കബർസ്ഥാനിലും കബറടക്കി. സാദുരി ഹർഷവർധൻ, പരം ഛേത്രി എന്നിവരുടെ മൃതദേഹങ്ങൾ ബന്ധുക്കൾ ഏറ്റുവാങ്ങി നാട്ടിലേക്കു കൊണ്ടുപോയി. ആദിത്യ കൃഷ്ണദേവിന്റെ മൃതദേഹം ഇന്ന് ജില്ലാ ആശുപത്രിയിലെ പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.