കുമളി: കഴിഞ്ഞ ശനിയാഴ്ച അതിശക്തമായ മഴ പെയ്തിറങ്ങിയിട്ടും കുമളി ടൗണും സമീപപ്രദേശങ്ങളും വെള്ളപ്പൊക്കഭീതിയിൽനിന്ന് പൂർണമായും ഒഴിവായി.
മുൻ വർഷങ്ങളിൽ ചെറിയ മഴ പെയ്യുമ്പോൾ പോലും ടൗണും ഒന്നാംമൈൽ ജംഗ്ഷനും വെള്ളത്തിനടിയിലാവുകയും വ്യാപാരികൾക്കും ജനങ്ങൾക്കും ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടങ്ങൾ ഉണ്ടാകുകയും ചെയ്യുമായിരുന്നു. എന്നാൽ, ഇത്തവണ മഴക്കാലപൂർവ ശുചീകരണം കൃത്യതയോടെയും ദൃഢനിശ്ചയത്തോടെയും പഞ്ചയാത്ത് നടപ്പിലാക്കിയതാണ് വെള്ളപ്പൊക്കം ഒഴിവാകാൻ കാരണമായത്.
കുമളി പഞ്ചായത്ത് പ്രസിഡന്റ് എം.എം. വർഗീസിന്റെയും ഭരണസമിതിയുടെയും കൃത്യമായ മുന്നൊരുക്കങ്ങളാണ് രക്ഷയായത്. ടൗണിലെയും സമീപപ്രദേശങ്ങളിലെയും ഓടകളും കനാലുകളും വൃത്തിയാക്കുന്ന ഘട്ടത്തിൽ വലിയ രീതിയിലുള്ള പ്രതിഷേധങ്ങളും എതിർപ്പുകളും ഉയർന്നിരുന്നു. എന്നാൽ, നാടിന്റെ നന്മയും ജനങ്ങളുടെ സുരക്ഷയും മുൻനിർത്തി എല്ലാ എതിർപ്പുകളെയും അതിജീവിച്ചാണ് സമയബന്ധിതമായി ശുചീകരണ പ്രവർത്തനങ്ങൾ നടത്തിയത്. വനം വകുപ്പിന്റെ പ്രത്യേക അനുമതി വാങ്ങി ആനവച്ചാൽ തോട്ടിലെ ഒഴുക്ക് തടസപ്പെടുത്തി നിന്നിരുന്ന മുളങ്കൂട്ടങ്ങളും മാലിന്യങ്ങളും പൂർണമായി നീക്കം ചെയ്തത് പെരിയാർ കോളനിയിലെ ജനങ്ങൾക്കും വലിയ ആശ്വാസമായി. കൂടാതെ, ടൗണിലെ പോസ്റ്റ്ഓഫീസ് ജംഗ്ഷൻ മുതൽ പെട്രോൾ പമ്പ് വരെയുള്ള ഭാഗത്തെ വെള്ളക്കെട്ട് പരിഹരിക്കാൻ ഓടകളും കലുങ്കുകളും കൃത്യമായി വൃത്തിയാക്കി ഒഴുക്ക് സുഗമമാക്കിയിരുന്നു.
എതിർപ്പുകളെയും പ്രതിസന്ധികളെയും അവഗണിച്ച് പഞ്ചായത്ത് പ്രസിഡന്റ് എം.എം. വർഗീസും ഭരണസമിതിയും നടത്തിയ പ്രവർത്തനങ്ങൾക്ക് വ്യാപാരികളിൽനിന്നും പൊതുജനങ്ങളിൽനിന്നും വലിയ അഭിനന്ദനമാണ് ഇപ്പോൾ ലഭിച്ചുകൊണ്ടിരിക്കുന്നത്.