ചിന്നക്കനാൽ: ചിന്നക്കനാൽ 301 കോളനിയിലെ ഓമനക്കുഴി ഭാഗത്ത് നിലയുറപ്പിച്ചിരുന്ന ചക്കക്കൊമ്പന് നേരെ വനംവകുപ്പിന്റെ ദൗത്യസംഘം ആദ്യ മയക്കുവെടി വച്ചു. നേരത്തെ ചതുപ്പുനിലത്തിൽ നിലയുറപ്പിച്ചതിനാൽ മയക്കുവെടി വെക്കാൻ സാധിക്കാതിരുന്ന ആനയെ, പടക്കം പൊട്ടിച്ച് തുരത്തി അനുയോജ്യമായ സ്ഥലത്ത് എത്തിച്ച ശേഷമാണ് വെടിവച്ചത്.
പിന്നാലെ കുങ്കിയാനകളുടെ സഹായത്തോടെ അനുയോജ്യമായ സ്ഥലത്തേക്ക് മാറ്റി റേഡിയോ കോളർ ഘടിപ്പിക്കുന്ന നടപടികൾ ആരംഭിച്ചിട്ടുണ്ട്. വനംവകുപ്പിന്റെ നേതൃത്വത്തിൽ വിവിധ ഫോറസ്റ്റ് ഡിവിഷനുകൾക്ക് കീഴിലുള്ള റാപ്പിഡ് റെസ്പോൺസ് ടീമുകൾ (ആർആർടി), എലിഫന്റ് സ്ക്വാഡ് തുടങ്ങിയ വിഭാഗങ്ങളിലെ 140 അംഗ സംഘമാണ് ദൗത്യത്തിൽ പങ്കെടുത്തത്. ആനയിറങ്കൽ ഡാമിന് സമീപം നിലയുറപ്പിച്ചിരുന്ന ആനയെ നിരീക്ഷിച്ച് അനുയോജ്യമായ സ്ഥലത്തേക്ക് മാറ്റിയശേഷമാണ് മയക്കുവെടിവച്ചത്.
അതിരാവിലെ തന്നെ ആന നിൽക്കുന്ന സ്ഥലം കണ്ടെത്തി തുടർച്ചയായി
നിരീക്ഷിച്ചുവരികയായിരുന്നു . കരമാർഗം നിരീക്ഷിച്ചു നീങ്ങിയ സംഘത്തിന് പുറമേ ആന ഇറങ്കൽ ഡാമിന്റെ റിസർവോയറിൽ ബോട്ടിലൂടെയും നിരീക്ഷണ സംഘം ആനയെ പിന്തുടർന്നു. ഡ്രോൺ ഉപയോഗിച്ച് കൃത്യമായി മനസിലാക്കി വിവരങ്ങൾ കൈമാറിക്കൊണ്ടിരുന്നു. സമീപമുള്ള തുരുത്തിൽ കിടന്ന ആന ഒരു മണിക്കൂറിനു ശേഷം പന്നിയാർ ഭാഗത്തേക്ക് നീങ്ങി പടക്കം പൊട്ടിച്ച് ഇവിടെ നിന്ന് സുരക്ഷിത ഇടത്തിലേക്ക് നീക്കാനുള്ള ശ്രമം ഉദ്യോഗസ്ഥർ തുടർന്നു.
രാവിലെ 11 ഓടെ വീണ്ടും ഡാമിലേക്ക് ഇറങ്ങാൻ ശ്രമിച്ചെങ്കിലും ബോട്ടിൽഎത്തിയ സംഘം ആനയെ തുരത്തി പിന്നീട് ഒരു മണിയോടെ സിങ്കു കണ്ടത്തിനു സമീപം ഓമനക്കുടി ഭാഗത്തെ പുൽമേട്ടിൽവെച്ച് മയക്കുവെടി വയ്ക്കുകയായിരുന്നു. റേഡിയോ കോളറിന്റെ സഹായത്തോടെ ആനയുടെ സഞ്ചാരം തുടർച്ചയായി നിരീക്ഷിക്കാനും ജനവാസ മേഖലകളിലേക്കുള്ള ആനയുടെ വരവ് മുൻകൂട്ടി മനസ്സിലാക്കി ആവശ്യമായ പ്രതിരോധ നടപടികൾ സ്വീകരിക്കാനും കഴിയും.
മൂന്നാർ ഡിഎഫ്ഒ സാജു വർഗീസിന്റെ നേതൃത്വത്തിലാണ് ദൗത്യം നടപ്പാക്കിയത്. നാല് വെറ്ററിനറി ഡോക്ടർമാർ ഉൾപ്പെടെ 24 അംഗ പ്രത്യേക സംഘവും ദൗത്യത്തിന്റെ ഭാഗമായി പ്രവർത്തിച്ചു. ഡോ. വിഷ്ണു ഓമനക്കുട്ടൻ (വയനാട്), അർജുൻ സി.പി. (മലയാറ്റൂർ), അനൂപ് മാത്യൂസ് (കോട്ടയം), അശ്വിൻ കെ.എസ്. (ഷോള നാഷണൽ പാർക്ക്) എന്നിവരാണ് വെറ്ററിനറി ഡോക്ടർമാർ. വിവിധ àഫോറസ്റ്റ് ഡിവിഷനുകളിൽ നിന്നുള്ള ഉദ്യോഗസ്ഥരും ജീവനക്കാരും ദൗത്യത്തിൽ പങ്കാളികളായി.
ചിന്നക്കനാൽ ഫാത്തിമ മാതാ ഹൈസ്കൂളിൽ പ്രവർത്തിച്ച ബേസ് ക്യാമ്പ് കേന്ദ്രീകരിച്ചാണ് പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചത്.