തിരുവനന്തപുരം: ഐടി, സ്റ്റാർട്ടപ്, വ്യവസായ മന്ത്രിയായി ചുമതലയേറ്റ പി.കെ. കുഞ്ഞാലിക്കുട്ടി ടെക്നോപാർക്ക് സന്ദർശിച്ചു. സംസ്ഥാനത്തെ ഐടി ആവാസവ്യവസ്ഥയെക്കുറിച്ച് ഐടി പാർക്ക് സിഇഒമാരുമായും പ്രധാന സർക്കാർ സ്ഥാപനങ്ങളിലെ ഉന്നത ഉദ്യോഗസ്ഥരുമായും മന്ത്രി സംവദിച്ചു.
സംസ്ഥാന ഇലക്ട്രോണിക്സ് ഐടി വകുപ്പ് സ്പെഷൽ സെക്രട്ടറി സീറാം സാംബശിവ റാവു, ടെക്നോപാർക്ക് സിഇഒ സന്ദീപ് കുമാർ എന്നിവർ മന്ത്രിയെ ടെക്നോപാർക്കിലേക്കു സ്വാഗതം ചെയ്തു.
ആശയവിനിമയത്തിനിടെ ’കേരള ടെക് മേഖല: സാഹചര്യവും ലക്ഷ്യങ്ങളും’ എന്ന വിഷയത്തിൽ സീറാം സാംബശിവ റാവു വിശദമായ അവതരണം നടത്തി. ഐടി മേഖലയിലെ ലക്ഷ്യങ്ങളും വെല്ലുവിളികളും അദ്ദേഹം വിശദീകരിച്ചു. നിലവിൽ പ്രവൃത്തിപഥത്തിലുള്ള പദ്ധതികൾ, ഭാവി പദ്ധതികൾ, സ്റ്റാർട്ടപ്പുകൾ, ഇന്നൊവേഷൻ, സംരംഭകത്വം എന്നിവയെക്കുറിച്ചും പരാമർശിച്ചു.
ഐടി പാർക്കുകളിലെയും പ്രമുഖ ഐടി, ഐടി അധിഷ്ഠിത സർക്കാർ സ്ഥാപനങ്ങളിലെയും ഉദ്യോഗസ്ഥരിൽ നിന്നു മന്ത്രി അഭിപ്രായങ്ങളും നിർദേശങ്ങളും തേടി.
ഇൻഫോപാർക്ക് കൊച്ചി, സൈബർപാർക്ക് കോഴിക്കോട് എന്നിവയുടെ സിഇഒ സുശാന്ത് കുറുന്തിൽ, കേരള സ്റ്റാർട്ടപ്പ് മിഷൻ (കെഎസ് യുഎം) സിഇഒ അനൂപ് അംബിക, ഡിജിറ്റൽ യൂണിവേഴ്സിറ്റി കേരള (ഡിയുകെ) വൈസ് ചാൻസലർ ഡോ. സജി ഗോപിനാഥ്, കെഎസ് ഐടിഐഎലിന്റെയും കെഫോണിന്റെയും എംഡി ഡോ. സന്തോഷ് ബാബു (റിട്ട.), ഐഐഐഐടിഎംകെ ഡയറക്ടറും മേക്കർ വില്ലേജ് പ്രഫസർ ഇൻ ചാർജുമായ ഡോ. അലക്സ് പി ജയിംസ്, ഐസിഎഫ്ഒഎസിന്റെയും സിഡിറ്റിന്റെയും ഡയറക്ടർ ഡോ. ടി.ടി. സുനിൽ, കെസ്പേസ് ചീഫ് ഫിനാൻസ് ഓഫീസർ കെ. ഗായത്രി എന്നിവരും യോഗത്തിൽ പങ്കെടുത്തു.
സംസ്ഥാന സർക്കാരിന്റെ ഐടി സ്ട്രാറ്റജിസ്റ്റുമാരായ ഡോ. അനൂപ നാരായണൻ, ശ്രീനാഥ് ജ്ഞാനേശ്വർ, അക്ഷയ് കണ്ണൻ, പ്രകാശ് മാത്യു എന്നിവരും സന്നിഹിതരായിരുന്നു.